ജയിലുകളില്‍ ചികില്‍സ ലഭിക്കാതെ നൂറിലേറെ മനോരോഗികള്‍

കെപിഒ റഹ്മത്തുല്ല

തൃശൂര്‍: മനോരോഗികളായ നൂറിലേറെ തടവുകാര്‍ മതിയായ ചികില്‍സ ലഭിക്കാതെ അഞ്ചു വര്‍ഷത്തിലേറെയായി കേരളത്തിലെ ജയിലുകളില്‍ കഴിയുന്നതായി രേഖകള്‍. കണ്ണൂരിലെയും പൂജപ്പുരയിലെയും ജയിലുകളിലാണ് ഇവരില്‍ ഏറെ പേരുമുള്ളത്. ഇവരെ പുനരധിവസിപ്പിക്കണമെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടുള്ള ജയില്‍വകുപ്പിന്റെ അപേക്ഷയില്‍ രണ്ടു വര്‍ഷമായി ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തിട്ടില്ല. ഗത്യന്തരമില്ലാതെ ജയില്‍ വെല്‍ഫെയര്‍ വകുപ്പ് ഹൈക്കോടതിയെ ഈ അപേക്ഷയുമായി സമീപിച്ചിരിക്കുകയാണിപ്പോള്‍.
2014ല്‍ സെന്‍കുമാര്‍ ജയില്‍ ഡിജിപിയായിരിക്കെ സംസ്ഥാനത്തെ ജയിലുകളില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. 88 മനോരോഗികള്‍ തടവറയിലുണ്ടെന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍. ഇതില്‍ 19 പേര്‍ പൂര്‍ണ ഭ്രാന്തിന്റെ അവസ്ഥയിലാണുള്ളതെന്നും വ്യക്തമായിരുന്നു.
ഈ കണക്കുകള്‍ നിയമസഭയില്‍ ആഭ്യന്തരവകുപ്പ് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മാനസികാസ്വാസ്ഥ്യമുള്ള എല്ലാ രോഗികളെയും കുറിച്ച് വിശദമായി പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് മനോരോഗ വിദഗ്ധര്‍ അടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ നല്‍കിയ റിപോര്‍ട്ടില്‍ ഇതുവരെ ആഭ്യന്തരവകുപ്പ് തീരുമാനമെടുത്തിട്ടില്ല.
മനോരോഗികളായ തടവുകാരില്‍ 14 വര്‍ഷമായി വിചാരണ പോലും പൂര്‍ത്തിയാകാത്തവരുണ്ട്. മനോരോഗികളായ തടവുകാരെ വിട്ടുകിട്ടുകയാണെങ്കില്‍ ചികില്‍സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും പുനരധിവസിപ്പിക്കാനും മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങളും സന്നദ്ധസംഘടനകളും തയ്യാറാണ്. ജയിലുകളിലെ മനോരോഗികള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
2014ന് ശേഷം 15 പേര്‍ക്കു കൂടി മനോരോഗം ബാധിച്ചതായി ഒരു സന്നദ്ധസംഘടനയുടെ അന്വേഷണത്തിലും മനസ്സിലായിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ ഏറ്റവും കൂടിയ ശിക്ഷാകാലാവധിയുടെ പകുതി കാലം വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞാല്‍ അത്തരക്കാരെ വിട്ടയക്കണമെന്ന് സിആര്‍പിസി 436(എ) വകുപ്പില്‍ പറയുന്നുണ്ട്. എന്നാല്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.
Next Story

RELATED STORIES

Share it