ജയിലില്‍ കിടന്നതില്‍ അഭിമാനം: ഉമറും അനിര്‍ബനും

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിലോ ജയിലി ല്‍ കിടക്കേണ്ടിവന്നതിലോ തങ്ങള്‍ക്ക് ഒട്ടും ദുഃഖമില്ലെന്ന് ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും. ജയില്‍മോചിതരായ ഇരുവര്‍ക്കും ജെഎന്‍യുവില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് അവര്‍ നിലപാടു വ്യക്തമാക്കിയത്. ഹോളി ആഘോഷം അടുത്തെത്തിയതിനാല്‍ ഉല്‍സവച്ഛായയിലായിരുന്നു സ്വീകരണം.
അരുന്ധതി റോയി, ബിനായക് സെന്‍ എന്നീ പ്രമുഖര്‍ക്കെതിരേ ചുമത്തിയ അതേ കുറ്റത്തിന്റെ പേരിലാണ് ജയിലില്‍പ്പോവേണ്ടി വന്നതെന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഉമര്‍ ഖാലിദ് വ്യക്തമാക്കി. അനീതിക്കെതിരേ ശബ്ദമുയര്‍ത്തിയതിന് ജയിലില്‍ പോവേണ്ടിവന്നവരുടെ പട്ടികയില്‍ തങ്ങളുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നു. ക്രിമിനലുക ള്‍ അധികാരത്തിലിരിക്കുമ്പോ ള്‍ ജയിലുകളാണ് സമരകേന്ദ്രങ്ങളെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം അപകടമാണെന്ന് താന്‍ കരുതുന്നില്ല. പ്രവീണ്‍ തൊഗാഡിയക്കും യോഗി ആദിത്യനാഥിനും എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അധികാരത്തിലിരിക്കുന്നവര്‍ക്കു മാത്രമുള്ളതാണ് അഭിപ്രായസ്വാതന്ത്ര്യമെന്ന് അവര്‍ കരുതുന്നു. താന്‍ പിന്തുടരാത്ത മതത്തിന്റെ പേരിലാണ് തന്നെ ചിലര്‍ തീവ്രവാദിയാക്കിയതെന്നും ഉമര്‍ ഖാലിദ് പറഞ്ഞു. ഇത് തന്റെ മാത്രം കാര്യമല്ല. ഓരോ മുസ്‌ലിമും ഇതേ സാഹചര്യത്തിലൂടെ കടന്നുപോവുന്നുണ്ട്. മതകാര്യങ്ങള്‍ ചെയ്യാത്ത തന്റെ കാര്യം ഇങ്ങനെയാണെങ്കില്‍ അഅ്‌സംഗഡി ല്‍ നിന്നു വരുന്ന തൊപ്പിവച്ച മുസ്‌ലിംകളുടെ കാര്യം എന്തായിരിക്കും. ഭീകരവാദി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവര്‍ക്ക് മറ്റൊന്നും വേണ്ടിവരില്ല.
ജെഎന്‍യുവിലെത്തിയ ഉമറിനെ കനയ്യകുമാറും ഉമറിന്റെ ആറു വയസ്സുകാരി സഹോദരി സെറയുമാണ് ഗേറ്റില്‍ സ്വീകരിച്ചത്. ജയിലില്‍ നിന്ന് തിരിച്ചുവന്നതു പോരാട്ടത്തിനാണ്. തങ്ങളെ ജയിലിലിട്ടതോടെ ഈ പോരാട്ടം ലക്ഷ്യത്തിലെത്തിക്കേണ്ട ഉത്തരവാദിത്തമാണ് നിങ്ങള്‍ ഞങ്ങളുടെ ചുമലില്‍ ഇട്ടിരിക്കുന്നതെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.
ജയില്‍മോചിതനായതോടെ ഉമറിന്റെ സാക്കിര്‍നഗറിലെ വീട്ടിലും ആഘോഷമായി. മകനുള്ള മധുരപലഹാരവുമായി മാതാവ് സബീഹ ജെഎന്‍യുവിലെത്തി. ജയിലില്‍ നിന്നു പുറത്തിറങ്ങുന്നതിനു തൊട്ടുമുമ്പ് മാതാവിനോടായിരുന്നു ഉമര്‍ ഫോണില്‍ സംസാരിച്ചത്. ആസാദി ഹോഗയാ(സ്വാതന്ത്ര്യം കിട്ടിയോ) എന്നായിരുന്നു മാതാവിന്റെ ചോദ്യം. ഇതുവരെ ഇല്ല. ഇപ്പോഴും പോലിസ് വാഹനത്തില്‍ തന്നെയാണെന്നായിരുന്നു ഉമറിന്റെ മറുപടി.
Next Story

RELATED STORIES

Share it