ജയിലിലടയ്ക്കുമെന്ന് സര്‍ക്കാര്‍; കര്‍ണാടക: പോലിസുകാര്‍ സമരത്തിലേക്ക്

ബംഗളൂരു: ശമ്പളവര്‍ധന ആവശ്യപ്പെട്ടും വര്‍ധിച്ചുവരുന്ന രാഷ്ട്രീയ ഇടപെടലിനെതിരേയും കര്‍ണാടക പോലിസ് പ്രത്യക്ഷ സമരത്തിലേക്ക്. ഈ മാസം നാലിന് കൂട്ട അവധിയെടുക്കാന്‍ പോലിസ് അസോസിയേഷന്‍ അധ്യക്ഷന്‍ ശശിധര്‍ കോണ്‍സ്റ്റബിള്‍മാരോട് ആവശ്യപ്പെട്ടു. കൂടാതെ, 50,000ഓളം പോലിസുകാര്‍ അവധിക്ക് അപേക്ഷ നല്‍കി. ഇതേസമയം, സമരത്തെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ നാലിന് ആര്‍ക്കും അവധി നല്‍കരുതെന്ന് ഡിജിപി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കയച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
73,000ത്തിലധികം പോലിസ് ഉദ്യോഗസ്ഥരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 60,000 കോണ്‍സ്റ്റബിള്‍മാരാണ്. ജോലി നഷ്ടമാവുമെന്നു ഭയന്ന് ചില പോലിസുകാര്‍ സമരത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. സമരം ശക്തമാവുമെന്ന പശ്ചാത്തലം നിലനില്‍ക്കെ ഡിജിപിയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും കൂടിക്കാഴ്ച നടത്തി.
തുടര്‍ന്നാണ് അവധി അനുവദിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. കോണ്‍സ്റ്റബിള്‍മാര്‍ക്ക് ജൂണ്‍ നാലിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്ലാ സര്‍ക്കാര്‍ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സമരം നിയമവിരുദ്ധമാണെന്നു കുറ്റപ്പെടുത്തിയ ഡിജിപിയുടെ സര്‍ക്കുലറില്‍, അന്വേഷണം കൂടാതെ പിരിച്ചുവിടുമെന്നും നിയമം ലംഘിച്ചതിന് ജയിലിലടയ്‌ക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. നിയമപ്രകാരം പോലിസുകാര്‍ക്ക് യുനിയന്‍ പ്രവര്‍ത്തനവും സമരവും സാധ്യമല്ല.
പിഴയും രണ്ടു വര്‍ഷം ജയില്‍ശിക്ഷയും ലഭിക്കുന്ന കുറ്റമാണിത്. സാമൂഹികവിരുദ്ധ ശക്തികളാണ് പോലിസുകാരെ സമരത്തിലേക്കു തള്ളിവിടുന്നതെന്നും ഡിജിപി പറഞ്ഞു.
സമരം ഉപേക്ഷിച്ചാല്‍ പോലിസുകാരുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പരമേശ്വര വ്യക്തമാക്കി. എന്നാല്‍, സര്‍ക്കാര്‍ തങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പോലിസ് അസോസിയേഷന്‍ അധ്യക്ഷന്‍ ശശിധറിന്റെ പ്രതികരണം. എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലാണ് സമരത്തിലേക്കു നീങ്ങുന്നത്. കോണ്‍സ്റ്റബിള്‍മാരെ രണ്ടാംതരം പൗരന്മാരായാണു പരിഗണിക്കുന്നത്. അയല്‍സംസ്ഥാനങ്ങളിലെ പോലിസുകാരെ പോലെ തങ്ങള്‍ക്ക് പരിഗണന കിട്ടുന്നില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടിമകളോട് എന്ന പോലെയാണു പെരുമാറുന്നത്. പീഡനത്തിന് അറുതിയാവണമെങ്കില്‍ സമരമല്ലാതെ മാര്‍ഗമില്ലെന്നും ശശിധര്‍ പറഞ്ഞു. സമരത്തിന് നിരവധി തൊഴിലാളി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it