ജയലളിതയ്‌ക്കെതിരായ കേസ് 23ലേക്ക് മാറ്റി

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി ഈ മാസം 23ലേക്കു മാറ്റി. ജയലളിതയെ കുറ്റവിമുക്തയാക്കിയ ബാംഗ്ലൂര്‍ ഹൈക്കോടതി വിധിക്കെതിരേ 4,000 പേജടങ്ങുന്ന ഹരജിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ജയലളിതയുള്‍പ്പെടെ കേസിലെ നാലു പ്രതികളെയും കുറ്റവിമുക്തമാക്കിയതു ചോദ്യംചെയ്യുന്ന ഹരജിയില്‍ കര്‍ണാടക സര്‍ക്കാരിനോടും ജയലളിതയുള്‍പ്പെടെയുള്ള പ്രതികളോടും സുപ്രിംകോടതി വിശദീകരണം തേടിയിരുന്നു. അതിനാല്‍ ഇവരുടെയെല്ലാം വിശദീകരണം കേട്ടശേഷം വാദംകേട്ടാല്‍ മതിയെന്നു ജസ്റ്റിസുമാരായ പി സി ഘോഷ്, ആര്‍ കെ അഗര്‍വാള്‍ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.

അഴിമതിക്കേസില്‍ വിചാരണക്കോടതി കുറ്റക്കാരിയെന്നു കണ്ടെത്തിയതിനാല്‍ ജയലളിതയെ അയോഗ്യയാക്കി ഇടക്കാല വിധിപുറപ്പെടുവിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബന്ധപ്പെട്ട എല്ലാ കക്ഷികളില്‍ നിന്നും വിശദമായ മറുപടി ലഭിച്ച ശേഷം അന്തിമവിധി പുറപ്പെടുവിക്കാമെന്നാണ് ഇന്നലെ സുപ്രിംകോടതി വ്യക്തമാക്കിയത്.അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കഴിഞ്ഞവര്‍ഷം സപ്തംബര്‍ 27ന് ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജയലളിതയ്ക്കും സഹായി ശശികല, വളര്‍ത്തുമകന്‍ വി എന്‍ സുധാകരന്‍, ശശികലയുടെ മരുമകള്‍ ഇളവരശി എന്നിവര്‍ക്കും നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയും വിധിച്ചത്. ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന 1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ 66.56 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിെച്ചന്നാണു കേസ്.
Next Story

RELATED STORIES

Share it