ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യത; റിപോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറും

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത നല്‍കിയെന്നും പണത്തിന്റെ കണക്ക് കാണിച്ചില്ലെന്നുമുള്ള പരാതിയില്‍ മന്ത്രി പി കെ ജയലക്ഷ്മിക്കെതിരായ റിപോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. സബ്കലക്ടറുടെ റിപോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറാണ് കൈമാറുക.
പി കെ ജയലക്ഷ്മിയുടെ അയോഗ്യത സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാവും. ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷത്തെ അയോഗ്യതയും കോടതി നടപടികളും പി കെ ജയലക്ഷ്മിക്ക് നേരിടേണ്ടി വരും. എന്നാല്‍, എല്‍ഡിഎഫ് പരാതിയുന്നയിച്ചെങ്കിലും മാനന്തവാടിയില്‍ മല്‍സരിക്കുന്ന പി കെ ജയലക്ഷ്മി നല്‍കിയ പത്രിക വരണാധികാരി സ്വീകരിച്ചു.
നാമനിര്‍ദേശ പത്രികയില്‍ ഇല്ലാത്ത വിദ്യാഭ്യാസയോഗ്യത കാണിച്ചെന്നും മന്ത്രിയുടെ അക്കൗണ്ടില്‍ വന്ന 10 ലക്ഷം രൂപ വരവ്‌ചെലവു കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നും കാണിച്ച് ബത്തേരി സ്വദേശി കെ പി ജീവന്‍ ആണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്. എസ്ബിഐ മാനന്തവാടി ശാഖയിലെ മന്ത്രിയുടെ പേരിലുള്ള അക്കൗണ്ടില്‍ തിരഞ്ഞെടുപ്പ് സമയത്ത് വന്ന 10 ലക്ഷം രൂപ കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍, പരാതി നല്‍കി നാലുവര്‍ഷം കഴിഞ്ഞിട്ടും ഇതിനു പരിഹാരമുണ്ടാവാത്തതിനാല്‍ ജീവന്‍ കഴിഞ്ഞ മാസം ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇതേതുടര്‍ന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. അതേസമയം, ബിഎ ഫെയില്‍ഡ് എന്നാണ് ഇത്തവണ ജയലക്ഷ്മി യോഗ്യതയായി കാണിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it