wayanad local

ജയലക്ഷ്മിക്ക് സ്വന്തം മണ്ഡലത്തില്‍ കാലിടറി

മാനന്തവാടി: യുഡിഎഫ് മന്ത്രിസഭയില്‍ അഴിമതിക്കറ പുരളാത്ത ഏക മന്ത്രിയെന്നു പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ച പി കെ ജയലക്ഷ്മിക്ക് സ്വന്തം മണ്ഡലത്തില്‍ കാലിടറി. വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താനാവാതെ അവസാനം വരെ പുറകിലായിരുന്ന ജയലക്ഷ്മി 1,307 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ ഒ ആര്‍ കേളുവിനോട് പരാജയപ്പെട്ടത്. അവസാനഘട്ടത്തില്‍ വോട്ടെണ്ണിയ വെള്ളമുണ്ട, പനമരം പഞ്ചായത്തുകളില്‍ നിന്നു പ്രതീക്ഷിച്ചത്ര വോട്ടുകള്‍ ലഭിക്കാത്തതാണ് ജയലക്ഷ്മിക്ക് തിരിച്ചടിയായത്.
സ്വന്തം പഞ്ചായത്തായ തവിഞ്ഞാലില്‍ നിന്ന് 1,700ഓളം വോട്ടുകളുടെ ലീഡാണ് ജയലക്ഷ്മിക്ക് ലഭിച്ചത്. എന്നാല്‍, അടുത്ത ഘട്ടത്തില്‍ വോട്ടെണ്ണിയ തിരുനെല്ലിയില്‍ നിന്ന് ഒ ആര്‍ കേളുവിന് ലഭിച്ച 5,000ത്തിലധികം വോട്ടുകളും മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നിന്നു ലഭിച്ച 2,000ത്തോളം വോട്ടുകളുമായപ്പോള്‍ ജയലക്ഷ്മി 5,000 വോട്ടുകള്‍ക്ക് പിന്നിലായി.
എടവക പഞ്ചായത്തില്‍ നിന്നും തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നുമായി 1,500ഓളം വോട്ടിന്റെ ലീഡാണ് ജയലക്ഷ്മിക്ക് ലഭിച്ചത്. വെള്ളമുണ്ട, പനമരം പഞ്ചായത്തുകളില്‍ നിന്നായി കേവലം 2,000ത്തോളം വോട്ടുകള്‍ മാത്രമാണ് ജയലക്ഷ്മിക്ക് ലീഡുണ്ടായിരുന്നത്. 2011ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 59,150 വോട്ടുകളായിരുന്നു ജയലക്ഷ്മി നേടിയത്. ഈ വര്‍ഷം 20,000ത്തോളം വോട്ടര്‍മാര്‍ വര്‍ധിക്കുകയും മൂന്നു ശതമാനം പോളിങ് കൂടുകയും ചെയ്തിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,000 വോട്ടുകള്‍ മാത്രമാണ് ജയലക്ഷ്മി നേടിയത്.
62,436 വോട്ടുകളാണ് ജയലക്ഷ്മിക്ക് ലഭിച്ചത്. മണ്ഡലത്തില്‍ കഴിഞ്ഞ ഭരണക്കാലത്ത് 865 കോടി രൂപയുടെ വികസന നേട്ടമുണ്ടാക്കിയെന്ന മുഖ്യപ്രചാരണമായിരുന്നു ജയലക്ഷ്മി നടത്തിയത്. ഒരിക്കല്‍ പോലും ജയലക്ഷ്മിക്ക് പുറമെ മറ്റൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് നേതൃത്വം ആലോചിച്ചിരുന്നില്ല. എന്നാല്‍, ജയലക്ഷ്മിക്കെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അടിയൊഴുക്കുകളുണ്ടായിരുന്നു എന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം.
താഴെക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ പോയതും തനിക്കെതിരായ പ്രചാരണങ്ങള്‍ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ കഴിയാതെ പോയതുമാണ് ജയലക്ഷ്മിയുടെ പരാജയത്തിനിടയാക്കിയത്.
Next Story

RELATED STORIES

Share it