wayanad local

ജയലക്ഷ്മിക്കെതിരേ പോസ്റ്റര്‍ പതിച്ച സംഭവം: രണ്ടുപേര്‍ കീഴടങ്ങി

മാനന്തവാടി: മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ ആര്‍.എസ്.എസ്. സേവ നടത്തുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ രണ്ടുപേര്‍ മാനന്തവാടി പോലിസില്‍ കീഴടങ്ങി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും, പിലാക്കാവ് സ്വദേശിയുമായ സി എച്ച് സുഹൈര്‍, എടവക കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അഞ്ചാംമൈല്‍ സ്വദേശിയായ എറമ്പയില്‍ മുസ്തഫ എന്നിവരാണ് മാനന്തവാടി സി.ഐ. ടി എന്‍ സജീവ് മുമ്പാകെ കഴിഞ്ഞ ദിവസം കീഴടങ്ങിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ മാര്‍ച്ച് 22-നായിരുന്നു മാനന്തവാടി, വാളാട്, അഞ്ചാംമൈല്‍, തേറ്റമല, പീച്ചംകോട്, പാണ്ടിക്കടവ് എന്നീ പ്രദേശങ്ങളില്‍ മാനന്തവാടി യൂത്ത് കോണ്‍ഗ്രസ് എന്ന പേരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പ്രതികളുള്‍പ്പടെയുള്ളവര്‍ മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കുറ്റകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാനന്തവാടി പോലിസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു.
എടവക പഞ്ചായത്ത് ഓഫിസ്, കൂളിവയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, കല്ലോടി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ പോസ്റ്റര്‍ പതിച്ചവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടുപേരെ പോലിസ് കണ്ടെത്തിയത്. ഇവവരാണ് പോലിസില്‍ ഹാജരായത്. കെ.പി.സി.സി. പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം കെ.പി.സി.സി. സെക്രട്ടറി വി നാരായണന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡി.സി.സി. സെക്രട്ടറി അഡ്വ. ശ്രീകാന്ത് പട്ടയന്‍, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എ എം നിഷാന്ത്, മുസ്തഫ, സുഹൈര്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കുകയാണെങ്കില്‍ തെളിവുകള്‍ സഹിതം മന്ത്രിയുടെ ആര്‍.എസ്.എസ്. പ്രീണന പ്രവര്‍ത്തനങ്ങള്‍ വെളിച്ചതുകൊണ്ടുവരുമെന്നും പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങിയവരില്‍ നിന്നും ഇവര്‍ ഉപയോഗിച്ച വാഹനം അച്ചടിച്ച പ്രസ്, മറ്റു പങ്കാളികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിച്ചതായാണ് അറിവ്. അതിനിടെ, ഇവര്‍ക്കെതിരെ് കൂടുതല്‍ നടപടികളുണ്ടാവില്ലെന്നും അറിയുന്നു.
Next Story

RELATED STORIES

Share it