ജയമാവര്‍ത്തിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും

ബംഗളൂരു: ഒന്നാം ടെസ്റ്റില്‍ നേടിയ ഗംഭീര വിജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇന്ത്യ ഇന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങും. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടു ദിനം ശേഷിക്കെ 108 റണ്‍സിന്റെ വമ്പന്‍ വിജയമാണ് വിരാട് കോഹ്‌ലി നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റി ലും വെന്നിക്കൊടി പാറിക്കാനായാല്‍ നാലു മല്‍സരങ്ങളടങ്ങിയ പരമ്പര നഷ്ടമാവില്ലെന്ന് ഇന്ത്യക്ക് ഉറപ്പിക്കാം.
പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിലെ കുന്തമുനകളായ ഡെയ്ല്‍ സ്റ്റെയ്‌നും വെര്‍ണോണ്‍ ഫിലാന്‍ഡറും രണ്ടാം ടെസ്റ്റില്‍ നിന്നു പിന്‍മാറിയത് ഇന്ത്യയുടെ വിജയസാധ്യതയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. പരിശീലനത്തിനിടെ പരിക്കുപറ്റിയ ഫിലാന്‍ഡര്‍ക്ക് പരമ്പരയിലെ ശേഷിക്കുന്ന മൂന്നു ടെസ്റ്റുകളിലും കളിക്കാന്‍ കഴിയില്ല.
ആദ്യ ടെസ്റ്റില്‍ ജയിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാവും ഇന്ത്യ ഇന്നിറങ്ങുക. വരുണ്‍ ആരോണിനു പകരം പരിചയസമ്പന്ന നായ പേസര്‍ ഇശാന്ത് ശര്‍മ ടീമി ല്‍ തിരിച്ചെത്തും. സസ്‌പെന്‍ഷനെത്തുടര്‍ന്ന് ഇശാന്തിന് ആദ്യ ടെസ്റ്റ് നഷ്ടമായിരുന്നു.
കഴിഞ്ഞ ടെസ്റ്റില്‍ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ-അമിത് മിശ്ര എന്നിവരടങ്ങുന്ന സ്പിന്‍ ത്രയമാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ഒരു ഇടവേളയ്ക്കുശേഷം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ജഡേജ രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകള്‍ പിഴുത് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയിരുന്നു.
Next Story

RELATED STORIES

Share it