ജയത്തോടെ വിടപറയാന്‍ ബ്ലാസ്റ്റേഴ്‌സ്

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു വിടവാങ്ങല്‍ മല്‍സരത്തിനിറങ്ങും. എവേ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസുമായാണ് മഞ്ഞക്കുപ്പായക്കാര്‍ കൊമ്പുകോര്‍ക്കുന്നത്. ജയത്തോടെ ടൂര്‍ണമെന്റിനോട് വിടചൊല്ലാനായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് സെമി ഫൈനലിലേക്ക് ടിക്കറ്റ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഡൈനാമാസ്.
കഴിഞ്ഞ തവണ ഫൈനലി ല്‍ പൊരുതിവീണ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ആരാധകരെ നിരാശരാക്കി സെമി ഫൈനല്‍ പോലും കാണാതെയാണ് മടങ്ങുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്‌സ്. 13 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് മൂന്നു കളികളില്‍ സമനില വഴങ്ങിയപ്പോള്‍ ഏഴെണ്ണത്തിലാണ് തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചത്. ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട ഇന്ന് കൈമെയ്മറന്ന് പൊരുതുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
തകര്‍പ്പന്‍ ജയത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. കൊച്ചിയില്‍ തിങ്ങിനിറഞ്ഞ മഞ്ഞക്കടലിനു നടുവില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-1ന് തുരത്തിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാമത്തെ കളിയില്‍ മുംബൈ സിറ്റിയുമായി ഗോള്‍രഹിത സമനില വഴങ്ങി. പിന്നീടാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. തുടരെ നാലു തോല്‍വികള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങളും ആത്മവിശ്വാസവും തല്ലിക്കെടുത്തി.
എട്ടാം റൗണ്ടില്‍ പൂനെ സിറ്റിയെ 2-0നു തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും തൊട്ടടുത്ത കളിയില്‍ വീണ്ടും തോറ്റു. 10ാം റൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ 4-1ന്റെ ഗംഭീര ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും കേരളത്തെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ചെന്നൈയ്ന്‍ എഫ്‌സിയോടും എഫ്‌സി ഗോവയോടുമേറ്റ പരാജയങ്ങളും മുംബൈയുമായുള്ള സമനില യും കേരളത്തിനു പുറത്തേക്ക് വഴിയൊരുക്കി. ബ്ലാസ്റ്റേഴ്‌സും ഡൈനാമോസും തമ്മില്‍ സീസണിലെ രണ്ടാമത്തെ മല്‍സരം കൂടിയാണ് ഇന്നത്തേത്. നേരത്തേ കൊച്ചിയില്‍ നടന്ന കളിയി ല്‍ ഡൈനാമോസ് 1-0നു ജയിച്ചുകയറിയിരുന്നു.
Next Story

RELATED STORIES

Share it