ജമ്മുവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 7 മരണം

ജമ്മു: ജമ്മുവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു ഏഴു പേര്‍ മരിച്ചു. വൈഷ്ണവ ദേവിക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ ആറു തീര്‍ത്ഥാടകരും വനിതാ പൈലറ്റുമാണ് മരിച്ചത്. മരിച്ചവരില്‍ ഡല്‍ഹിയില്‍നിന്നുള്ള മൂന്നു തീര്‍ത്ഥാടകരെയും ജമ്മുവില്‍ നിന്നുള്ള രണ്ടു തീര്‍ത്ഥാടകരെയും വനിതാ പൈലറ്റ് സുമിതാ വിജയനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ കത്രയില്‍നിന്നു പറന്നുയര്‍ന്ന ഉടനെ തീപിടിച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. അഞ്ചു വര്‍ഷം പഴക്കമുള്ള ഹിമാലയന്‍ ഹെലി സര്‍വീസിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. ആയിരക്കണക്കിന് ഭക്തരെത്തുന്ന വൈഷ്ണവ ദേവി ഗുഹാക്ഷേത്രം ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്. അതേസമയം, പറന്നുയര്‍ന്ന ഉടനെ പക്ഷി വിമാനത്തില്‍ ഇടിച്ചതാണ് അപകടകാരണമെന്ന് പറയുന്നു. സാഞ്ചി ചാട്ടില്‍നിന്നു കത്രയിലേക്കു പുറപ്പെടവെയായിരുന്നു അപകടം. പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് വിമാനം നിയന്ത്രിക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നുവെന്നാണ് നിഗമനം.
2010ല്‍ നിര്‍മിച്ചതാണ് അപകടത്തില്‍പെട്ട ഹെലികോപ്റ്റര്‍. തകര്‍ന്ന കോപ്റ്ററിനു സമീപം ഒരു പക്ഷിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, പക്ഷിയെ ഇടിച്ചതാണ് അപകട കാരണമെന്ന് സംശയിക്കാവുന്നതാണെന്ന് ഉപ മുഖ്യമന്ത്രി നിര്‍മല്‍ സിങും അറിയിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ട ജമ്മുവില്‍ നിന്നുള്ള മഹേഷ്, വന്ദന എന്നീ രണ്ടു പേര്‍ അടുത്തിടെ വിവാഹിതരായവരാണെന്ന് അറിയുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ സുമിത വിജയന്‍, വ്യോമ സേനയില്‍ നിന്ന് രാജിവച്ച് ഹിമാലയന്‍ ഹെലി ചാര്‍ട്ടേല്‌സില്‍ ചേരുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്നുള്ള സച്ചിന്‍, അക്ഷിത, ആര്യന്‍ ജീത് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മൂന്നു ലക്ഷം വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അപകടം സംബന്ധിച്ച് അന്വേഷണം നടത്തും.
Next Story

RELATED STORIES

Share it