ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന്

ലണ്ടന്‍: ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം. വിഖ്യാത ഗായകനും സംഗീതജ്ഞനുമായ ബോബ് മര്‍ലിയെക്കുറിച്ചുള്ള എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ് എന്ന പുസ്തകമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഈ പുരസ്‌കാരം നേടുന്ന പ്രഥമ ജമൈക്കന്‍ എഴുത്തുകാരനാണ് 44കാരനായ മാര്‍ലോണ്‍ ജയിംസ്.1976ല്‍ ബോബ് മര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ് ജയിംസ് രചിച്ചത്. ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ നടന്ന ചടങ്ങിലാണ് 50,000 പൗണ്ട് സമ്മാനത്തുകയുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. അന്തിമ പട്ടികയിലുണ്ടായിരുന്നവയില്‍ ഏറ്റവും ആവേശമുണ്ടാക്കുന്ന പുസ്തകമെന്നാണ് ജയിംസിന്റെ രചനയെ ജൂറി തലവനായ മൈക്കല്‍ വുഡ് വിശേഷിപ്പിച്ചത്.

ജമൈക്കന്‍ ജനതയെയും രാഷ്ട്രീയത്തെയും ഏറെ സ്വാധീനിച്ച മര്‍ലിയുടെ യഥാര്‍ഥജീവിതം തന്നെയാണ് നോവലില്‍ ഇതള്‍വിരിയുന്നത്. 680 പേജുള്ള ഗ്രന്ഥം ആകസ്മികതകളും ഹിംസാത്മകതയും അഴിമതിയും മയക്കുമരുന്ന് വ്യാപാരവും എല്ലാം നിറഞ്ഞതാണ്. റെഗ്ഗെ സംഗീതത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ടാണ് നോവലിന്റെ ഭൂരിഭാഗവും താന്‍ എഴുതിയതെന്നു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ജയിംസ് പറഞ്ഞു. തന്നില്‍ സാഹിത്യാഭിരുചികള്‍ വളര്‍ത്തിയെടുത്ത തന്റെ പ്രിയപ്പെട്ട പിതാവിന്, അദ്ദേഹം ഇന്ന് തന്നോടൊപ്പമില്ലെങ്കിലും, താന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് ജയിംസ് പറഞ്ഞു. ഇന്ത്യന്‍ ബ്രിട്ടിഷ് എഴുത്തുകാരനായ സന്‍ജീവ് സഹോട്ടയുടെ രണ്ടാമത്തെ നോവലായ ദ ഇയര്‍ ഓഫ് ദ റണ്‍എവേയ്‌സ് ഉള്‍െപ്പടെ ആറു പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി അവസാന ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it