ജപ്പാന്‍ ജനസംഖ്യ 10 ലക്ഷം കുറഞ്ഞുവെന്ന് കാനേഷുമാരി റിപോര്‍ട്ട്

ടോക്കിയോ: അഞ്ചു വര്‍ഷത്തിനിടെ ജപ്പാന്‍ ജനസംഖ്യയില്‍ 10 ലക്ഷത്തോളം കുറവുണ്ടായതായി കാനേഷുമാരി റിപോര്‍ട്ട്.
1920നു ശേഷം ആദ്യമായാണ് ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഒക്ടോബറിലെ കാനേഷുമാരി പ്രകാരം ജപ്പാനിലെ ജനസംഖ്യ 12.71 കോടിയാണ്. 2010ലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ 9,47,000(0.7 ശതമാനം) ആളുകള്‍ കുറവാണിത്. ജനനനിരക്കിലെ കുറവും രാജ്യത്തേക്കു കുടിയേറ്റമില്ലാത്തതും ജനസംഖ്യയില്‍ കുറവുണ്ടാക്കുമെന്ന് ജനസംഖ്യാശാസ്ത്രജ്ഞര്‍ വിലയിരുത്തിയിരുന്നു.
മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചത് സാമ്പത്തികമേഖലയിലെ സ്തംഭനത്തിനും ആരോഗ്യമേഖലയില്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നതിലേക്കും നയിച്ചിരിക്കുകയാണ്. തലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെ എട്ടു പ്രവിശ്യകളില്‍ മാത്രമാണ് ജനസംഖ്യയില്‍ വര്‍ധനവുണ്ടായതെന്നാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കു കാണിക്കുന്നത്. ഫുകുഷിമ ഉള്‍പ്പെടെ 39 പ്രവിശ്യകളിലും ജനസംഖ്യയില്‍ കുറവു രേഖപ്പെടുത്തി. വരുംവര്‍ഷങ്ങളില്‍ വയോധികരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
2060ഓടു കൂടി രാജ്യത്തെ 40 ശതമാനം ആളുകളും 65 വയസ്സില്‍ മുകളില്‍ പ്രായമുള്ളവരോ വയോധികരോ ആയിരിക്കുമെന്നും യുവാക്കളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്നായി ചുരുങ്ങുമെന്നുമാണ് കരുതപ്പെടുന്നത്.
Next Story

RELATED STORIES

Share it