ജപ്പാനില്‍ വീണ്ടും ഭൂചലനം; 32 മരണം, 1500ല്‍ അധികം പേര്‍ക്ക് പരിക്ക്

ടോക്കിയോ: തെക്കുകിഴക്കന്‍ ജപ്പാനിലുണ്ടായ ശക്തമായ ഇരട്ട ഭൂചലനങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടതായി സംശയിക്കുന്നു. ശനിയാഴ്ച രാത്രി 1.25നാണ് തെക്കന്‍ ദ്വീപായ ക്യൂഷുവില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ആദ്യ ചലനമുണ്ടായത്. 1500ലധികം പേര്‍ക്കു പരിക്കേറ്റു. രണ്ടു ദിവസത്തിനിടെ രണ്ടാംതവണയാണ് രാജ്യം ഭൂകമ്പക്കെടുതിക്ക് ഇരയാവുന്നത്. വ്യാഴാഴ്ചയുണ്ടായ ആദ്യ ചലനം ഒമ്പതുപേരുടെ ജീവനെടുത്തിരുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. ഭൂചലനം വന്‍നാശം വിതച്ച കുമമോട്ടോയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. വൈദ്യുത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ താറുമാറായി. പലേയിടത്തും ഉരുള്‍പൊട്ടലുണ്ടായി.
ശക്തമായ ചുഴലിയും പേമാരിയും കൂടുതല്‍ ഭീകരമായ ഉരുള്‍പൊട്ടലിന് ഇടയാക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. കൂറ്റന്‍ പര്‍വതഭാഗങ്ങള്‍ ഇടിഞ്ഞുവീണതോടെ വീടുകളും റോഡുകളും റെയില്‍വേകളും മണ്ണിനടിയിലായി. ജനങ്ങള്‍ തുറന്ന സ്ഥലങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. സര്‍വകലാശാലയുടെ ഹോസ്റ്റലും പാര്‍പ്പിട സമുച്ചയങ്ങും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. നിരവധി മേഖലകളില്‍ ജനങ്ങള്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ടിട്ടുണ്ടെന്നു ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിദെ അറിയിച്ചു. പോലിസും അഗ്നിശമനസേനയും സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സസും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. 70000ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
രണ്ടുലക്ഷത്തിലേറെ പേര്‍ക്ക് വൈദ്യുതി ലഭ്യമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നേരത്തേ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. വ്യാഴാഴ്ച കുമമോട്ടോ സിറ്റിയിലുണ്ടായ ഭൂചലനം റിക്റ്റര്‍ സ്‌കെയിലില്‍ 6.5 ആണ് രേഖപ്പെടുത്തിയത്. 800 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ ദുരന്തം ബാധിച്ചവര്‍ ക്യാംപുകളില്‍ കഴിയുമ്പോഴാണ് മറ്റൊരു ദുരന്തം കൂടി ജപ്പാന്‍ ജനതയെ തേടിയെത്തിയത്. ദുരന്തമേഖലയില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it