Kollam Local

ജപ്തി ഭീഷണി നേരിടുന്നത് 25ഓളം യൂനിറ്റുകള്‍

പത്തനാപുരം: എസ്എന്‍ഡിപി യൂനിയന്‍ 2010 ലും അനുബന്ധമായും നടത്തിയ മൈക്രോ ഫിനാന്‍സ് ലോണ്‍ വിതരണത്തില്‍ വ്യാപകമായ തോതില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു. യൂനിയന്‍ ബാങ്ക് പത്തനാപുരം ശാഖയില്‍ നിന്ന് യൂനിറ്റുകള്‍ക്ക് അനുവദിച്ച ഒരു കോടിയോളം രൂപയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ യൂനിറ്റുകള്‍ക്ക് കുറച്ച് കാണിച്ച് ഭാരവാഹികള്‍ അടിച്ച് മാറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. യൂനിറ്റുകള്‍ക്ക് അനുവദിച്ച തുക ബാങ്ക് അധികൃതരെ സ്വാധീനിച്ച് യൂനിയന്‍ അക്കൗണ്ടിലേക്ക് മാറ്റി അതില്‍ നിന്നും കാല്‍ ലക്ഷം മുതല്‍ ഒരുലക്ഷം വരെ ഓരോ യൂനിറ്റിനും കുറച്ചാണ് പണം നല്‍കിയത്. ഏകദേശം 220 ഓളം യൂനിറ്റുകള്‍ക്കാണ് അന്ന് പണം നല്‍കിയത്. ജപ്തി നടപടികള്‍ നേരിടുന്ന ഇരുപത്തഞ്ചോളം യൂനിറ്റുകള്‍ യൂനിയനിലുണ്ടെന്നാണ് പ്രഥമിക വിവരം. പലതവണയായി അഞ്ച് കോടിയോളം രൂപയാണ് പത്തനാപുരം യൂനിയന് അനുവദിച്ചത്. ഇതിലാണ് പാവങ്ങളായ മലയോരത്തെ വനിതാ സംഘം പ്രവര്‍ത്തകരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ യൂനിയന്‍ ഭാരവാഹികള്‍ അടിച്ച് മാറ്റിയതും പാവങ്ങള്‍ ഇന്ന് ജപ്തി ഭീഷണി നേരിടുന്നതും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് അന്ന് പരാതി നല്‍കിയപ്പോള്‍ യൂനിയന്‍ ഭരണ സമിതി പിരിച്ച് വിട്ട് പുതിയ കമ്മിറ്റിയെ വച്ചതല്ലാതെ അന്വേഷണമോ വേണ്ടവിധം കേസ് നടത്തുകയോ ചെയ്യുന്നില്ലെന്നാണ് വനിതകളുടെ പരാതി.
Next Story

RELATED STORIES

Share it