ജന ലോക്പാല്‍: ബില്ലിന് മന്ത്രിസഭയുടെ അനുമതി

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭയുടെ അനുമതി. ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ശ്രദ്ധേയമായിരുന്നു ജനലോക്പാല്‍ നിയമം. ബില്ല് ഉടന്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ചേക്കും. തങ്ങളുടെ പ്രസ്ഥാനം ആരംഭിക്കാന്‍ കാരണമായ ജനലോക്പാല്‍ ബില്ല് ഡല്‍ഹി മന്ത്രിസഭ പാസാക്കിയെന്നും ബില്ല് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍പറ്റുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഭരണതലത്തിലെ അഴിമതി തടയാന്‍വേണ്ടിയുള്ള വിപുലമായ അധികാരപരിധിയുള്ള ലോകായുക്തയായിരിക്കും ഡല്‍ഹിയില്‍ നിലവില്‍ വരുക. മുഖ്യമന്ത്രിയുടെ ഓഫിസടക്കം ഇതിന്റെ അധികാരപരി—ധിയില്‍ വരും.കഴിഞ്ഞ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തയ്യാറാക്കിയതില്‍ ചെറിയ തിരുത്തലുകള്‍ വരുത്തിയാണ് ബില്ലിന്റെ പുതിയ കരട് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് നിയമസഭ 2011ല്‍ പാസാക്കിയ ലോകായുക്ത നിയമത്തോട് സാമ്യമുള്ളതാണ് പുതിയ ഡല്‍ഹി ജനലോക്പാല്‍ ബില്ല്.
അഴിമതിക്കേസുകളില്‍ സമയബന്ധിതമായ അന്വേഷണവും വിചാരണയും ഡല്‍ഹി മന്ത്രിസഭ പാസാക്കിയ ജനലോക്പാല്‍ ബില്ല് ഉറപ്പുവരുത്തുന്നു. അഴിമതി തെളിഞ്ഞുകഴിഞ്ഞാല്‍ ചുരുങ്ങിയത് ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് ബില്ല് വ്യവസ്ഥചെയ്യുന്നു. കൂടുതല്‍ ഗൗരവമുള്ള അപൂര്‍വം കേസുകളില്‍ ജീവപര്യന്തം തടവും ബില്ലില്‍ അനുശാസിക്കുന്നുണ്ട്.ജനലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വാഗ്ദാനം പാലിക്കാന്‍ നിയമസഭയില്‍ ആവശ്യത്തിന് ആള്‍ബലമില്ലാതിരുന്നതിനെ തുടര്‍ന്നായിരുന്നു 2014ല്‍ കെജ്‌രിവാളിന്റെ ആദ്യ ഡല്‍ഹി സര്‍ക്കാര്‍ രാജിവച്ചത്.
Next Story

RELATED STORIES

Share it