Alappuzha local

ജന്മനാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കാവാലം തിരുവരങ്ങ് ഒഴിഞ്ഞു

ആലപ്പുഴ: ജന്മനാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി നാടകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ ജീവിതത്തിന്റെ തിരുവരങ്ങ് ഒഴിഞ്ഞു. നാടു കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വികാര നിര്‍ഭരമായ യാത്രമൊഴിയാണ് ജന്മനാട്ടില്‍ കാവാലത്തിന് ലഭിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഞായറാഴ്ച രാത്രി 10ന് തിരുവന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുടുംബവീടായ കാവാലത്തെ ചാലയില്‍ തറവാട്ടില്‍ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് ഭൗതീക ശരീരമെത്തിച്ചത്. ഉച്ചതിരഞ്ഞ് അദ്ദേഹത്തിന്റെ സ്വന്തം വീടായ ശ്രീഹരിയിലേക്ക് ഭൗതീകശരീരം വിലാപയാത്രയോടെ എത്തിച്ചു. ഇവിടെയും പൊതുദര്‍ശനത്തിന് വച്ചശേഷം നാലുമണിയോടെ ആചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചതിനുശേഷം ഇളയമകനായ ഗായകന്‍ കാവാലം ശ്രീകുമാര്‍ വൈകീട്ട് 5.30ന് ചിതയില്‍ തീപകര്‍ന്നതോടെ മലയാളത്തിന്റെ നാടകാചാര്യന്‍ ഓര്‍മയായി.
പ്രശസ്തമായ കാവാലം ചാലയില്‍ കുടുംബത്തില്‍ 1928 ഏപ്രില്‍ 28 നാണ് നാരായണപണിക്കര്‍ ജനിച്ചത്. ഗോദവര്‍മയും കുഞ്ഞുലക്ഷ്മിയമ്മയുമായിരുന്നു മാതാപിതാക്കള്‍. പ്രശസ്ത നയതന്ത്രജ്ഞനും കവിയും ചരിത്രകാരനുമായിരുന്ന സര്‍ദാര്‍ കെ എം പണിക്കര്‍ അമ്മാവനും ബഹുമുഖപ്രതിഭയായിരുന്ന കവി അയ്യപ്പപ്പണിക്കര്‍ അടുത്ത ബന്ധുവമായിരുന്നു.
അച്ഛന്‍ ഗോദവര്‍മയാണു നാരായണപ്പണിക്കരെ സാഹിത്യലോകത്തേക്കു കൊണ്ടുവന്നത്. കവിതയും ഗാനങ്ങളും രചിച്ചുകൊണ്ടാണു കലാജീവിതത്തിനു തുടക്കമിട്ടത്. കുട്ടനാട്ടിലെ ഞാറ്റുപാട്ടുകളും കൊയ്ത്തുപാട്ടുകളുും വള്ളപ്പാട്ടുമൊക്കെ അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവയായിരുന്നു. ഈ ആത്മ ബന്ധമാണ് അദ്ദേഹത്തെ ജന്മനാടിന് പ്രിയങ്കരനാക്കിയത്.
നാട്ടിലെ ആബാല വൃദ്ധത്തിനും ഗുരുവും സഹോദരനും മാര്‍ഗദര്‍ശിയുമൊക്കെയായിരുന്നു അദ്ദേഹം. ജാതിമത പ്രായ പരിഗണനകള്‍ കൂടാതെ തന്റെ നാട്ടുകാരോട് ഇടപഴകിയിരുന്ന കാവാലത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അതുകൊണ്ട് തന്നെ നാടുമുഴുവന്‍ ഒഴുകിയെത്തി. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങല്‍ നടന്ന ശ്രീഹരി വീട്ടില്‍ അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ എത്തിയ പലര്‍ക്കും ജനബാഹൂല്യം തടസ്സമായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പമ്പയാറിന്റെ തീരത്തെ സ്വന്തം വീട്ടു വളപ്പില്‍ മൂത്തമകന്‍ ഹരികൃഷ്ണനെ അടക്കം ചെയ്തതിനോട് ചേര്‍ന്നായിരുന്നു ചിതയൊരുക്കിയത്.
നാമജപങ്ങളും സംഗീതാര്‍ച്ചയും നിറഞ്ഞ അന്തരീക്ഷത്തില്‍ വിതുമ്പുന്ന ചുണ്ടുകളും നനഞ്ഞ കണ്ണുകളുമായി നിന്ന ആയിരങ്ങളുടെ സാന്നിധ്യത്തില്‍ അദ്ദേഹം അഗ്നിയില്‍ വിലയം പ്രാപിച്ചപ്പോള്‍ അദ്ദേഹം ലോകത്തിന് സംഭാവന ചെയ്ത ശിഷ്യരും സൃഷ്ടികളും ബാക്കിയായി.
Next Story

RELATED STORIES

Share it