malappuram local

ജനിതകമാറ്റം വരുത്തിയ ഇറച്ചിക്കോഴികള്‍ വിപണി കൈയടക്കുന്നു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി: ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തരത്തില്‍ ജനിതകമാറ്റം വരുത്തിയ ഇറച്ചി കോഴികള്‍ സംസ്ഥാനത്തെ വിപണി കൈയടക്കുന്നു. അമിത അളവില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് 28 ദിവസം കൊണ്ട് രണ്ടര കിലോ തൂക്കം വരുത്തുന്ന കോഴിയാണ് സംസ്ഥാനത്തിനകത്തും തമിഴ്‌നാട്ടില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നത്.ഇത് കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് കോഴി കര്‍ഷകരും സമ്മതിക്കുന്നു.
അമിതലാഭം പ്രതീക്ഷിച്ചാണ് കര്‍ഷകര്‍ 28 ദിവസം കൊണ്ട് രണ്ടര കിലോയിലധികം തൂക്കം വരുന്ന കോഴികളെ ഉല്‍പാദിപ്പിക്കുന്നത്. കാലുകള്‍ക്ക് അമിതവണ്ണം അനുഭവപ്പെടുന്ന ഇത്തരം കോഴികള്‍ നടക്കാന്‍ മറ്റു ഇറച്ചിക്കോഴികളേക്കാള്‍ പ്രയാസപ്പെടും . ഇത്തരം കോഴികളുടെ ഇറച്ചികള്‍ കഴിക്കുന്നത് പുരുഷന്മാരില്‍ വന്ധ്യത വര്‍ധിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ക്ക് വേഗത്തില്‍ ആര്‍ത്തവം ഉണ്ടാകുമെന്നും വെറ്റിനറി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
തമിഴ്‌നാട്ടില്‍ നിന്നാണ് കോഴികള്‍ക്ക് കുത്തിവെക്കുന്ന ഹോര്‍മോണുകള്‍ കൊണ്ടു വരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇറച്ചിക്കോഴികള്‍ 65 ദിവസങ്ങളുടെ വളര്‍ച്ചക്ക് ശേഷമാണ് രണ്ടര കിലോ തൂക്കം എത്തിയിരുന്നത്.പിന്നിടത് 45 ദിവസങ്ങള്‍ക്കുള്ളില്‍ വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ തുടങ്ങി .ഇപ്പോള്‍ അതിനെയും കടത്തിവെട്ടി 28 ദിവസങ്ങള്‍ കൊണ്ടാണ് അമിത അളവില്‍ ഹോര്‍മോണുകള്‍ കുത്തിവച്ച് രണ്ടര കിലോ തൂക്കം എത്തിച്ച് വിപണിയില്‍ എത്തിക്കുന്നത്. ഈ കാലയളവില്‍ ഒരു കോഴിക്ക് മൂന്നര കിലോ കോഴിത്തീറ്റയാണ് കൊടുക്കുക.
കോഴിത്തീറ്റ ചാക്കൊന്നിന് 1600 രൂപയാണ് വില . ഒരു കോഴിയെ പൂര്‍ണ വളര്‍ച്ച എത്തിക്കാന്‍ 115 രൂപയാണ് ചെലവ് വരുന്നത്. തൊഴിലാളിയുടെ കൂലി കൂടി ചേര്‍ത്ത കണക്കാണിത്. വിപണിയില്‍ കോഴി എത്തുമ്പോള്‍ കിലോക്ക് 85 മുതല്‍ 90 രൂപ വരെയാണ് ഇപ്പോള്‍ നിരക്ക് . അമിതലാഭം കൊയ്യാനാണ് സംസ്ഥാനത്തിനകത്തും തമിഴ്‌നാട്ടിലും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് കോഴിഫാമുകളാണ് 28 ദിവസങ്ങള്‍ കൊണ്ട് കോഴികളെ പൂര്‍ണ വളര്‍ച്ച എത്തിച്ച് വിപണിയില്‍ എത്തിക്കുന്നത്.
ഇതിന് കോഴി വില്‍പനക്കാരും കൂട്ടുനില്‍ക്കുന്നു . നിയമപ്രകാരം അനുവദിച്ച ഹോര്‍മോണ്‍ കുത്തിവയ്പ്പിന്റെ അളവ് പ്രകാരം കോഴി വളരണമെങ്കില്‍ 70 ദിവസമോ അല്ലെങ്കില്‍ മൂന്ന് മാസമോ എടുക്കും.എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് 28 ദിവസങ്ങള്‍ കൊണ്ട് കോഴികളെ ഉല്‍പാദിപ്പിക്കുന്നത്. നഗരങ്ങളിലെ ഹോട്ടലുകളില്‍ക്കും ,കല്യാണ ആവശ്യങ്ങള്‍ക്കും പ്രധാനമായും ഇത്തരം കോഴികളെയാണ് ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it