ജനാര്‍ദന്‍ മഹാതോ ഗീതയുടെ അച്ഛനല്ല; ഡിഎന്‍എ ഫലം പുറത്തുവന്നു

ന്യൂഡല്‍ഹി: 13 വര്‍ഷം പാകിസ്താനില്‍ കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ ബധിരയും മൂകയുമായ ഗീതയുടെ ഡിഎന്‍എ  പരിശോധനാ ഫലം അച്ഛനെന്ന് അവകാശപ്പെട്ട ആളുടേതുമായി യോജിക്കുന്നതല്ലെന്ന് വ്യക്തമായി. പാകിസ്താനില്‍ കഴിഞ്ഞിരുന്ന ഗീത ഒക്‌ടോബര്‍ 26നാണ് തന്റെ മാതാപിതാക്കളെ തേടി ഇന്ത്യയിലേക്കു മടങ്ങിയത്.
എന്നാല്‍, ഗീതയുടെ പിതാവും സഹോദരങ്ങളുമാണെന്നവകാശപ്പെട്ട് ബിഹാറില്‍ നിന്ന് എത്തിയവരെ തിരിച്ചറിയാന്‍ ഗീതക്കായില്ല. തുടര്‍ന്നാണ് ഗീതയുടെയും അച്ഛനെന്ന് അവകാശപ്പെട്ടിരുന്ന ജനാര്‍ദന്‍ മഹാതോയുടെയും ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനക്കയച്ചത്.
ഗീത ഇപ്പോള്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഇന്‍ഡോറിലെ സ്‌പെഷ്യല്‍ സ്‌കൂളിലാണ്. എന്നാല്‍, മഹാതോ, ഗീതയുടെ പിതാവല്ലെന്ന് തെളിഞ്ഞതിനാല്‍ ഗീത ഇനി ഇന്ത്യയില്‍ തന്നെ തുടരും. കറാച്ചിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനറുടെ സാന്നിധ്യത്തില്‍ ബിഹാറിലെ കുടുംബത്തിന്റെ ഫോട്ടോകള്‍ ഗീത നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണു ഗീതക്ക് ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് വഴി തെളിഞ്ഞത്.
ഡിഎന്‍എ പരിശോധനയില്‍ മഹാതോയുടെ മകളാണെന്നു തെളിഞ്ഞാല്‍ മാത്രമേ ഗീതയെ അവര്‍ക്കൊപ്പം വിട്ടയക്കൂ എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ രക്ത സാമ്പിളുകള്‍ എയിംസ് ഫോറന്‍സിക് ലാബിലും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലുമായാണ് പരിശോധിച്ചത്.
13 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അന്ന് പത്തു വയസ്സുള്ള ഗീത അബദ്ധത്തില്‍ പാകിസ്താനിലെത്തിയത്. പാകിസ്താനിലേക്കുള്ള സംജോധ എക്‌സ്പ്രസ്സ്് ലാഹോറിലെത്തിയപ്പോള്‍ ട്രെയിനില്‍ തനിച്ചു കണ്ട ഊമയും ബധിരയുമായ ബാലികയെ റെയില്‍വേ അധികൃതര്‍ അവിടുത്തെ അഭയ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. പലപ്പോഴും ചാടിപ്പോവാന്‍ നടത്തിയ ശ്രമങ്ങള്‍ കാരണം അവളെ വിവിധ കേന്ദ്രങ്ങളില്‍ മാറ്റി താമസിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് പാകിസ്താനിലെ സന്നദ്ധ സംഘടനയായ ഇദ്ദി ഫൗണ്ടേഷന്‍ കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. ഫൗണ്ടേഷന്‍ മേധാവി ബില്‍ക്കീസ് ഇദ്ദിയാണ് കുട്ടിക്ക് ഗീത എന്നു പേരു നല്‍കിയത്.
കറാച്ചിയില്‍ ഗീതയെ സംരക്ഷിച്ചിരുന്ന ഇദ്ദി ഫൗണ്ടേഷന്റെ പ്രവര്‍ത്തകരും ഗീതയെ സംരക്ഷിച്ചിരുന്ന കുടുംബവും ഗീതയോടൊപ്പം ഇന്ത്യയില്‍ എത്തിയിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം വരുന്നതു വരെ ഇന്ത്യയില്‍ കഴിയാന്‍ ഇദ്ദി ഫൗണ്ടേഷന്‍ പ്രതിനിധി അബ്ദുള്‍ സത്താറിനും സംഘത്തിനും അനുമതിയുണ്ട്.
Next Story

RELATED STORIES

Share it