thiruvananthapuram local

ജനാര്‍ദനപുരം സ്‌കൂളിലെ എബിവിപി അക്രമത്തില്‍ വ്യാപക പ്രതിഷേധം

വെള്ളറട: ജനാര്‍ദനപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം നടന്ന എബിവിപി, ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. പഠിപ്പുമുടക്ക് സമരത്തിനെന്ന പേരില്‍ എബിവിപി പ്രവര്‍ത്തകര്‍ എത്തിയത് മുളവടിയും ഇടിക്കട്ടകളുമായായിരുന്നു. ഒപ്പം സഹായത്തിന് ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുതിര്‍ന്ന നേതാക്കളും എത്തിയിരുന്നു.
ജനാര്‍ദനപുരം സ്‌കൂളിലെ വിദ്യാര്‍ഥികളെ അടിച്ചിറക്കുമെന്നും ബലപ്രയോഗം ഉണ്ടാവുമെന്നും വെള്ളറട സര്‍ക്കിള്‍ സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്റലിജന്‍സ് വിഭാഗത്തിന് നേരത്തെത്തന്നെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വിവരം നല്‍കിയിരുന്നു. എന്നാല്‍, ഈ വിവരം ഇന്റലിജന്‍സ് വിഭാഗം പൂഴ്ത്തുകയായിരുന്നു. ഇതേസമയം, സ്ഥലത്തെത്തിയ പോലിസും നിഷ്‌ക്രിയമായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെ മുളവടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിനും ചിതറി ഓടിയവരെ വീണ്ടും ചവിട്ടിവീഴ്ത്തുന്നതിനും പോലിസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.
ഇതിനെതിരെ രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി. ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്ക് ഓശാന പാടുന്ന നയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉപേക്ഷിച്ചിരുന്നെങ്കില്‍ സ്‌കൂളില്‍ ആക്രമണം ഉണ്ടാവില്ലായിരുന്നുവെന്ന് കാഴ്ചക്കാരായ പ്രദേശവാസികള്‍ പറഞ്ഞു.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ഥിനികളായ അനഹ ഷാജി, സാന്ദ്ര എന്നിവരെ ആദ്യം കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും അവിടന്ന് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതമായി പരിക്കേറ്റ ആര്യ, ഷിന്‍സി എന്നിവരും സചിന്‍, ഷാജി, മന്‍സൂര്‍ എന്നിവരും നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച എബിവിപി, ബിജെപി, ആര്‍എസ്എസ് അക്രമികളെ ഉടന്‍ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്നും സ്‌കൂളില്‍ ആക്രമണത്തിനു കൂട്ടുനിന്ന വെള്ളറട സര്‍ക്കിള്‍ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഐ വെള്ളറട മണ്ഡലം സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രന്‍, കള്ളിക്കാട് ഗോപന്‍, അരുണ്‍, ബാലരാജ്, കൃഷ്ണപിള്ള എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it