ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റ് നല്‍കുന്നതില്‍ സിപിഐക്ക് അതൃപ്തി

തിരുവനന്തപുരം: ഇടതുപക്ഷത്തേക്കു കൂടുതല്‍ കക്ഷികള്‍ എത്തിയതോടെ തങ്ങളുടെ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ പുതിയ തന്ത്രവുമായി സിപിഐ. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് നാല് സീറ്റ് നല്‍കണമെന്ന സിപിഎം നിലപാടില്‍ സിപിഐ അതൃപ്തി അറിയിച്ചു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ശക്തി തെളിയിക്കാതെ കൂടുതല്‍ സീറ്റ് നല്‍കേണ്ടതില്ലെന്നും രണ്ട് സീറ്റ് നല്‍കിയാല്‍മതിയെന്നുമാണ് സിപിഐ നേതാക്കള്‍ പറയുന്നത്.
കൂടുതല്‍ സീറ്റ് നല്‍കണമെന്നുണ്ടെങ്കില്‍ അത് സിപിഎം വിട്ടുനല്‍കണം. 2011ല്‍ സിപിഐ 27 സീറ്റിലാണു മല്‍സരിച്ചത്. ആര്‍എസ്പി എല്‍ഡിഎഫില്‍ നിന്നു വിട്ടുപോയ സാഹചര്യത്തില്‍ അധികംവന്ന നാല് സീറ്റുകളില്‍ സിപിഐ രണ്ടെണ്ണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് അടക്കം കൂടുതല്‍ കക്ഷികള്‍ ഇടതുപക്ഷത്തേക്കു വന്നതോടെ സിപിഐയും സീറ്റ് വിട്ടുനല്‍കണമെന്ന് സിപിഎം അഭിപ്രായപ്പെട്ടു. ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സിപിഐ രണ്ട് സീറ്റ് കൂടുതല്‍ ആവശ്യപ്പെട്ടത്.
സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാവാതെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതോടെ സിപിഎം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് അടക്കം പുതിയ കക്ഷികളെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മാണ് മുന്‍കൈയെടുത്തതെന്നും അവര്‍ക്ക് സീറ്റ് കെണ്ടത്തേണ്ട ബാധ്യത സിപിഎമ്മിനാണെന്നും സിപിഐ നേതാക്കള്‍ നിലപാടെടുത്തു.
Next Story

RELATED STORIES

Share it