Editorial

ജനാധിപത്യത്തിന്റെ വിജയം

കടുത്ത വേനലിന്റെ പീഡാനുഭവങ്ങള്‍ക്കു പിന്നാലെ കുളിര്‍മഴയോടൊപ്പമാണ് ഇത്തവണ കേരളത്തില്‍ ജനങ്ങള്‍ പോളിങ് ബൂത്തിലേക്കു പോയത്. 14ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ പോളിങാണ് രാവിലെ മുതലേ കാണപ്പെട്ടത്. ഇത്തവണ ഉയര്‍ന്ന പോളിങ് ശതമാനം ഉണ്ടാവുമെന്ന പ്രതീക്ഷയാണ് വോട്ടര്‍മാരുടെ നീണ്ടനിര നല്‍കുന്നത്. സംസ്ഥാനത്തിനു പുറത്തുനിന്നു മാത്രമല്ല, വിദേശരാജ്യങ്ങളില്‍ നിന്നുപോലും ഇത്തവണ സമ്മതിദായകര്‍ വോട്ട് ചെയ്യാനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. തീര്‍ച്ചയായും മലയാളിസമൂഹത്തിന്റെ ഉയര്‍ന്ന പൗരബോധവും ജനാധിപത്യബോധവുമാണ് ഇതു പ്രകടമാക്കുന്നത്. അതേപോലെത്തന്നെ കടുത്ത മല്‍സരമായിട്ടുപോലും താരതമ്യേന ശാന്തമായ അന്തരീക്ഷത്തില്‍ സമാധാനപരമായി വോട്ടെടുപ്പുപ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നതും സന്തോഷജനകമാണ്. അതിനുള്ള സര്‍വ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനും അധികൃതരും അതിനോടു പൂര്‍ണമായും സഹകരിച്ച രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍വോപരി കേരളത്തിലെ സാധാരണ ജനങ്ങളും അഭിനന്ദനമര്‍ഹിക്കുന്നു.
വളരെ വലിയ രാഷ്ട്രീയപ്രശ്‌നങ്ങളിലാണ് ഇത്തവണ കേരളത്തിലെ ജനങ്ങള്‍ വിധിയെഴുത്ത് നടത്തിയിരിക്കുന്നത്. സമീപകാലത്ത് ഒരിക്കലും കാണാത്തവിധം അത്രയേറെ കടുത്ത മല്‍സരമാണ് ഇത്തവണ കാണപ്പെട്ടത്. മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി രണ്ടു മുഖ്യധാരാ രാഷ്ട്രീയമുന്നണികള്‍ക്കു പുറമേ ഒരു തീവ്ര വലതുപക്ഷ മുന്നണിയുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയൊരു സഖ്യവും രംഗത്തുവന്നു. അതേപോലെ പ്രസക്തമാണ് ഇതുവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കിടന്ന വിവിധ സാമൂഹികവിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഇത്തവണ അരങ്ങത്തുവന്ന നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഭാഗമായ എസ്ഡിപിഐ പോലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും.
ഈ അവസ്ഥ തിരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച എല്ലാവിധ പ്രവചനങ്ങളെയും അപ്രസക്തമാക്കുകയാണ്. കേരളത്തിന്റെ പൊതുചിത്രം വളരെ വ്യത്യസ്തമായ നിരവധി സാമൂഹിക-രാഷ്ട്രീയ ഘടകങ്ങള്‍, പലപ്പോഴും പരസ്പര ഭിന്നമായ താല്‍പര്യങ്ങളും നിലപാടുകളുമായി ഒന്നിച്ചുനില്‍ക്കുന്നതാണ്. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വ്യത്യസ്ത കക്ഷികളുടെ ഐക്യമുന്നണി രാഷ്ട്രീയം ഫലപ്രദമായി ആദ്യം പരീക്ഷിച്ച സംസ്ഥാനമാണ് കേരളം. അത് പൊതുവില്‍ വിവിധ സാമൂഹികവിഭാഗങ്ങള്‍ക്ക് അധികാരഘടനയില്‍ പരിമിതമായെങ്കിലും പങ്കാളിത്തം ലഭ്യമാവുന്നതിനു സഹായകമാവുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ സാമൂഹികരംഗത്തെ നേട്ടങ്ങള്‍ക്കും വിവിധ മേഖലകളിലെ അതിന്റെ അസൂയാവഹമായ മുന്നേറ്റത്തിനും കളമൊരുക്കിയത് അധികാരവ്യവസ്ഥയില്‍ പരമാവധി വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ലഭിക്കാനിടയാക്കിയ ഈ സമ്പ്രദായമാണ്.
പക്ഷേ, മുന്‍കാല മുന്നണിബന്ധങ്ങളും സംവിധാനങ്ങളും കടുത്ത പ്രതിസന്ധിയെ നേരിടുന്ന കാഴ്ചയാണ് ഇത്തവണ കേരളം കണ്ടത്. ദീര്‍ഘകാലമായി അധികാരം നിരന്തരം വച്ചുമാറിയ പ്രബല മുന്നണികള്‍ കടുത്ത ഭീഷണി നേരിടുന്നു. ഈ മാറ്റങ്ങള്‍ കേരളത്തെ എങ്ങോട്ടു നയിക്കും എന്ന ചോദ്യത്തിന് 19ാം തിയ്യതി ഒരുപക്ഷേ നമുക്കു മറുപടി ലഭിച്ചെന്നുവരാം.
Next Story

RELATED STORIES

Share it