Interview

ജനാധിപത്യം, മതനിരപേക്ഷത, ഹിന്ദുത്വം

ജനാധിപത്യം, മതനിരപേക്ഷത, ഹിന്ദുത്വം
X
റൊമീല ഥാപ്പര്‍(83)ക്ക് ഒരു മുഖവുര ആവശ്യമില്ല. ഇന്ത്യന്‍ പ്രാചീന ചരിത്രം സംബന്ധിച്ച് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ബുദ്ധിജീവികള്‍ക്കിടയിലാണ് അവരുടെ സ്ഥാനം. ഈയിടെ ചെയ്ത നിഖില്‍ ചക്രവര്‍ത്തി സ്മാരക പ്രഭാഷണത്തെ തുടര്‍ന്ന് അവര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയുണ്ടായി. ഇന്നത്തെ അധികാരകേന്ദ്രങ്ങളെ ചോദ്യംചെയ്യുന്നതില്‍ നിന്നു വിദഗ്ധര്‍ ഓടിയൊളിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്. ഥാപ്പറുടെ രചനകളില്‍ സ്ത്രീവാദം പ്രതിഫലിക്കുന്നില്ലെങ്കിലും സ്ത്രീവിമോചനവാദിയെന്നാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. സ്ത്രീവിമോചന ചരിത്രകാരന്മാരുടെ രചനകള്‍ ഗൗരവത്തിലെടുക്കണമെന്നും അവര്‍ പറയുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു.)യിലെ ആധുനിക ചരിത്രവിഭാഗം സ്ഥാപകാംഗമാണ് ഥാപ്പര്‍. ചരിത്രവിദ്യാര്‍ഥികളുടെ തലമുറകളെ അവര്‍ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. സോമനാഥ: ദി മെനി വോയ്‌സസ് ഓഫ് എ ഹിസ്റ്ററി എന്ന ഗ്രന്ഥം അമേരിക്കയിലെ ഹിന്ദുത്വ മതഭ്രാന്തന്‍മാരെയും ഒരു വിഭാഗം പ്രവാസ ഇന്ത്യക്കാരെയും പ്രകോപിപ്പിച്ചു. ഥാപ്പര്‍ രണ്ടു തവണ പത്മഭൂഷണ്‍ പുരസ്‌കാരം നിരസിക്കുകയുണ്ടായി. അവര്‍ രാഷ്ട്രപതിക്ക് ഇപ്രകാരം എഴുതി: ''അക്കാദമിക സ്ഥാപനങ്ങളില്‍ നിന്നു മാത്രമേ ബഹുമതികള്‍ സ്വീകരിക്കൂ എന്ന് ഏതാനും വര്‍ഷം മുമ്പ് ഞാന്‍ തീരുമാനിച്ചതാണ്. സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഞാന്‍ സ്വീകരിക്കില്ല.''
വര്‍ഗീയ വിരുദ്ധതയാണ് അവരുടെ വീക്ഷണങ്ങളില്‍ പ്രധാനം. ദി ന്യൂസ് ആന്റ് സണ്‍ഡേക്കു വേണ്ടി സമന്‍ ഖാന്‍ തയ്യാറാക്കിയതാണ് ഈ അഭിമുഖം.


romila3
സമന്‍ ഖാന്‍: എന്തുകൊണ്ടാണ് മതനിരപേക്ഷ ഇന്ത്യ ഹിന്ദു ഇന്ത്യയായി മാറുന്നത്?
റൊമീല ഥാപ്പര്‍: അതൊരു നീണ്ട കഥയാണ്. സ്വാതന്ത്ര്യസമരകാലത്തു നമുക്കൊരു മതനിരപേക്ഷ ദേശീയതയുണ്ടായിരുന്നു. അത് കോളനിവല്‍ക്കരണത്തിനെതിരായിരുന്നു. അതേ കാലയളവില്‍ത്തന്നെ നമുക്ക് മറ്റു രണ്ടു ചെറിയ പ്രസ്ഥാനങ്ങളും ഉണ്ടായിരുന്നു- മുസ്‌ലിം ദേശീയതയിലൂന്നുന്ന മുസ്‌ലിംലീഗും ഹിന്ദുമത ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുമഹാസഭയും. പാകിസ്താന്‍ രൂപീകരണത്തില്‍ മുസ്‌ലിം ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വിജയിച്ചു. അത്തരമൊരു രാഷ്ട്രീയാവസ്ഥ ഇന്ത്യയിലും ഉണ്ടാവണമെന്ന് ഹിന്ദു ദേശീയവാദികള്‍ ആഗ്രഹിച്ചു. എന്നാല്‍, അതു സംഭവിച്ചില്ല.മതനിരപേക്ഷതയോട് പ്രതിബദ്ധത പുലര്‍ത്തിയവര്‍ ദേശീയപ്രസ്ഥാനത്തില്‍ വേണ്ടത്ര ഉണ്ടായിരുന്നതിനാല്‍ ഇന്ത്യ മതനിരപേക്ഷ രാജ്യമായി നിലനിന്നു. കഴിഞ്ഞ രണ്ടു ദശകങ്ങളിലുണ്ടായ വികസനത്തിന്റെ വഴി ഭാഗികമായ മോഹമുക്തിക്കു കാരണമായിട്ടുണ്ട്. അതിനാല്‍, മുന്‍ സര്‍ക്കാരുകള്‍ മുറുകെപ്പിടിച്ച മൂല്യങ്ങളുടെ നിരാകരണം സംഭവിക്കുന്നു. പുതിയ മൂല്യങ്ങളുടെ സാധ്യതകളില്‍ നിന്നു പുതിയ പ്രതീക്ഷകള്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്.എന്നാല്‍, വികസനപ്രശ്‌നങ്ങളിലൂന്നി തിരഞ്ഞെടുപ്പു പ്രചാരണം നടത്തി അധികാരത്തില്‍ വന്ന ഇപ്പോഴത്തെ സര്‍ക്കാര്‍ കൂടുതല്‍ കാര്യപരിപാടികള്‍ക്കു വഴങ്ങുന്നതാണു കാണുന്നത്. രാഷ്ട്രത്തിലും സമൂഹത്തിലും ഒരുതരം ഹിന്ദുത്വവല്‍ക്കരണം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. അതു കൂടുതല്‍ ഉച്ചത്തിലാവാന്‍ തുടങ്ങിയിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് നവ ഉദാരീകരണത്തിന്റെയും വിപണി സമ്പദ്‌വ്യവസ്ഥയുടെയും ഫലമായി മധ്യവര്‍ഗത്തില്‍ ഗണ്യമായ വര്‍ധന സംഭവിച്ചതായി ഞാന്‍ കരുതുന്നു. അതേസമയം, ഇതു സമൂഹത്തില്‍ കടുത്ത മല്‍സരത്തിനും അരക്ഷിതാവസ്ഥയ്ക്കും വഴിതെളിച്ചു. അരക്ഷിതാവസ്ഥയുടെ കാലഘട്ടങ്ങളില്‍ ആളുകള്‍ കാര്യങ്ങള്‍ നേടുന്നതിനായി കുറുക്കുവഴി ആശ്രയിക്കും. ഇത്തരം കുറുക്കുവഴി തേടുന്നവരെ ആകര്‍ഷിക്കുക എന്നതാണ് ഹിന്ദുക്കള്‍ക്കു പ്രഥമസ്ഥാനം നല്‍കുക എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്.
നവ ഉദാരീകരണം, വാണിജ്യം, മതം എന്നിവയുടെ മിശ്രിതം മാരകവും ജനവിരുദ്ധവുമാണെന്നു താങ്കള്‍ കരുതുന്നുണ്ടോ?
അതെ, ഇവ അപകടകരമായ മിശ്രിതം തന്നെയാണ്. നവ ഉദാരീകരണം അര്‍ഥമാക്കുന്നത് കാര്യങ്ങള്‍ വ്യക്തിയുടെ താല്‍പ്പര്യത്തിന് വിടുക എന്നതാണ്. അതു നിക്ഷേപമോ മറ്റേതെങ്കിലും തരത്തിലുള്ള ധനസമ്പാദനമോ ആവാം. പ്രത്യയശാസ്ത്രപ്രേരിതമായ ഹിന്ദുരാഷ്ട്രം സൃഷ്ടിക്കണമെങ്കില്‍ അതിനനുസൃതമായി ഉയര്‍ത്തിക്കാണിക്കുന്ന നിയന്ത്രണങ്ങള്‍ നിങ്ങള്‍ക്ക് അച്ചടക്കത്തോടെ പാലിക്കേണ്ടിവരും. ഇതു സമ്പദ്‌വ്യവസ്ഥയുമായി സംഘര്‍ഷത്തിലായേക്കാം. ഈ വൈരുധ്യം വരുംകാലത്തെ സംഘര്‍ഷത്തിലേക്കു നയിക്കാനാണ് ഒരു സാധ്യത.


romila-thapar
മതനിരപേക്ഷ രാജ്യമെന്ന് വലിയ അവകാശവാദമുന്നയിക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ടാണ് മതനിരപേക്ഷ ശക്തികള്‍ ദുര്‍ബലമാകുന്നത്?
ഇന്ത്യയിലെ മതനിരപേക്ഷ ശക്തികള്‍ രാഷ്ട്രം മതനിരപേക്ഷമാണെന്ന ആശയത്തെ ആശ്രയിക്കുന്നവരാണ്. മതനിരപേക്ഷസമൂഹം യഥാര്‍ഥത്തില്‍ എന്താണെന്നും ഏതുതരം നിയമങ്ങളാണ് അതിന് ആവശ്യമെന്നും  ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ അവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടില്ല. ഇന്ത്യയില്‍ മതനിരപേക്ഷതയ്ക്കു പര്യാപ്തമല്ലാത്ത വ്യത്യസ്തമായ നിര്‍വചനമാണുള്ളത്. എല്ലാ മതങ്ങളുടെയും സഹവര്‍ത്തിത്വം എന്ന നിലയില്‍ നാം പതിവായി മതനിരപേക്ഷതയെ കുറിച്ചു സംസാരിക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ അതു മതിയാവില്ല.
നിങ്ങള്‍ക്ക് എല്ലാ മതങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം ഉണ്ടാവാം. എന്നാല്‍, എല്ലാ മതങ്ങള്‍ക്കുമിടയില്‍ സാമൂഹികമായ സമത്വം ഉണ്ടാവുന്നതുവരെ അതൊരിക്കലും മതനിരപേക്ഷമാവില്ല. സാമൂഹിക അസമത്വം നിലനില്‍ക്കുന്നിടത്തു മതസഹവര്‍ത്തിത്വം മാത്രമേ ഉണ്ടാകൂ. സഹവര്‍ത്തിത്വത്തില്‍ നാം വിശ്വസിക്കുന്നുണ്ട്. എന്നാല്‍, ചില മതങ്ങള്‍ക്കു നാം കൂടുതല്‍ മേല്‍ക്കോയ്മ അനുവദിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ മതനിരപേക്ഷ നിര്‍വചനം മതിയായ ഒന്നല്ല എന്നു പറയുന്നത്.
ഈ മാതൃകയില്‍ ചിന്തിക്കുന്ന പ്രസ്ഥാനമോ ആളുകളോ ഇവിടെയുണ്ടെന്നു താങ്കള്‍ കരുതുന്നുണ്ടോ?
ഇങ്ങനെ ചിന്തിക്കുന്ന ആളുകളുണ്ട്. എന്നാല്‍, കാര്യമായ പ്രസ്ഥാനങ്ങളൊന്നും തല്‍ക്കാലത്തേക്കെങ്കിലും ഉരുത്തിരിഞ്ഞുവന്നിട്ടില്ല.
പാക് ജനത, പ്രത്യേകിച്ച് അവിടത്തെ മതനിരപേക്ഷവാദികള്‍ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യത്തില്‍ അതൊരു ശോചനീയാവസ്ഥ പോലെയാവില്ലേ?
ശരിയാണ്, ഹിന്ദു മതമൗലികവാദം വളരുന്നതുപോലെ തോന്നിക്കുന്നുണ്ട്. മതപരമായ അര്‍ഥത്തില്‍ അതൊരു വൈരുധ്യമാവാം. എന്നാല്‍, രാഷ്ട്രീയമായി അങ്ങനെയല്ല. തീര്‍ച്ചയായും ഇതു നിരാശാജനകമാണ്. അതേസമയം തന്നെ അതു ദോഷകരമാകുന്ന യഥാര്‍ഥ സന്ദര്‍ഭത്തില്‍ വെല്ലുവിളിയായിത്തീരും എന്നോര്‍ക്കണം. ആ വെല്ലുവിളി നേരിടാനാകുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഹിന്ദുവെന്ന പ്രയോഗം പിന്നീടു വന്നതാണെന്നും അതിന്റെ വിളിപ്പേര് തുടക്കത്തില്‍ ബ്രഹ്മന്‍ എന്നായിരുന്നുവെന്നും താങ്കള്‍ പറഞ്ഞിട്ടുണ്ട്.
അതു ശരിയല്ല. എല്ലാ മതവിഭാഗങ്ങളെയും വിശേഷിപ്പിക്കാന്‍ ഏക പ്രയോഗം കൊണ്ടു സാധ്യമാവില്ല. പശ്ചിമേഷ്യന്‍ ജനതയാണ് സിന്ധുവിന്റെ തീരങ്ങളില്‍ താമസിക്കുന്ന ജനവിഭാഗത്തെ ഹിന്ദുക്കളെന്ന് ആദ്യം വിളിച്ചത്. ആ അര്‍ഥത്തില്‍ അല്‍ഹിന്ദ് ഭാഷാപരമായി സിന്ധു/ഹിന്ദുവുമായി ബന്ധപ്പെട്ടതാണ്. ആദ്യഘട്ടത്തില്‍  സിന്ധുനദീതീരങ്ങളില്‍ ജീവിക്കുന്ന ഏതൊരാളെയും ഹിന്ദുവെന്ന അര്‍ഥത്തിലാണു വിളിച്ചിരുന്നത്. അത് ഭൂമിശാസ്ത്രപരമായ പ്രയോഗമായിരുന്നു. കാലക്രമേണ മുസ്‌ലിംകളില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും ഹിന്ദുക്കളെ വേര്‍തിരിക്കേണ്ടിവന്നു. മുസ്‌ലിംകളും ക്രിസ്ത്യാനികളുമല്ലാത്തവര്‍ക്കു ബാധകമാവുന്ന രീതിയിലാണ് പിന്നീട് ഹിന്ദു എന്ന പദം പ്രചാരം നേടിയത്. മതപരമായ അര്‍ഥത്തില്‍ അത് ഉപയോഗിക്കാന്‍ തുടങ്ങിയതു പതിനാലോ പതിനഞ്ചോ നൂറ്റാണ്ടിലാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ അത് ഒരു ഭൂമിശാസ്ത്രപ്രയോഗമാണ്.
ബുദ്ധനാണ് ആദ്യ യുക്തിവാദി എന്നു താങ്കള്‍ ഒരിക്കല്‍ പറയുകയുണ്ടായി.
ഞാനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. വൈദിക ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്തവരെ ബുദ്ധന്‍ പ്രതിനിധീകരിച്ചിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. ദൈവികമെന്ന നിലയില്‍ അവതരിപ്പിച്ച വേദങ്ങളുടെ പരിശുദ്ധിയെ അവര്‍ ചോദ്യംചെയ്തു. ആത്മാവ് എന്ന സങ്കല്‍പ്പമടക്കമുള്ള ആശയങ്ങളെ അവര്‍ വെല്ലുവിളിച്ചു. ഇതൊക്കെയാണെങ്കിലും ബുദ്ധനാണ് ആദ്യ യുക്തിവാദിയെന്നോ അല്ലെങ്കില്‍ അദ്ദേഹം മാത്രമാണ് യുക്തിവാദിയെന്നോ പറയാനാവില്ല. മറ്റു പലരുമുണ്ട്.
എന്തുകൊണ്ടാണ് ബുദ്ധിസം ഇന്ത്യയില്‍ മാഞ്ഞുപോവുകയും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ തഴച്ചുവളരുകയും ചെയ്തത്?
ഒരു ഘട്ടത്തില്‍ ബുദ്ധിസത്തിന് ഇന്ത്യയില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. അതായിരുന്നു അന്ന് ഇവിടത്തെ എറ്റവും വലിയ മതം. പിന്നീട് ബ്രാഹ്മണിസവുമായുള്ള മത്സരത്തില്‍  അതു തഴയപ്പെട്ടു. അതു പൂര്‍വേന്ത്യയിലേക്കു തള്ളപ്പെട്ടു. അവിടെനിന്നു തിബത്തിലേക്കും ദക്ഷിണപൂര്‍വേഷ്യയിലേക്കും ചേക്കേറി. ബുദ്ധമതത്തിന്റെ മറ്റൊരു ധാര വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ഗാന്ധാരയില്‍ നിന്നു മധേഷ്യയിലേക്കും അവിടെനിന്നു ചൈനയിലേക്കും കടന്നു. അങ്ങനെയാണ് ബുദ്ധമതം ഏഷ്യയിലെ പ്രധാന മതമായത്. അതേസമയം ഇന്ത്യയില്‍ അതു ശിഥിലമാവുകയും ചെയ്തു.
തീവ്ര ഹിന്ദുവലതുപക്ഷ ശക്തികള്‍ അധികാരം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മതനിരപേക്ഷ ചിന്താഗതി പുലര്‍ത്തുന്ന ചരിത്രകാരന്‍മാര്‍ അതിനെ ചോദ്യം ചെയ്യാറുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ചോദ്യം ചെയ്യല്‍ ഉണ്ടാവുന്നില്ല. ചരിത്രകാരന്‍മാരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍, ചരിത്രപരമായ വികസനത്തെ ചോദ്യംചെയ്യണമെന്നാണ് താങ്കള്‍ അവരെ ഉപദേശിച്ചത്. നിലവിലെ സാഹചര്യത്തില്‍ ചരിത്രകാരന്‍മാരുടെ പടയൊരുക്കം ആവശ്യമാണെന്നു തോന്നുന്നുണ്ടോ?
നിഖില്‍ ചക്രവര്‍ത്തി സ്മാരക പ്രഭാഷണത്തില്‍ രാജ്യവുമായും സമൂഹവുമായും ബന്ധപ്പെടുന്ന നടപടികളില്‍ വിയോജിപ്പുണ്ടെങ്കില്‍ ശബ്ദിക്കണമെന്ന് ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോള്‍ ആളുകള്‍ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നത് എന്നെ വ്യാകുലപ്പെടുത്തുന്നുണ്ട്.
നേരത്തേ നിങ്ങള്‍ ഉപയോഗിച്ച പടയൊരുക്കം എന്ന വാക്കിനോട് എനിക്ക് വിയോജിപ്പുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടായി ചരിത്രകാരന്‍മാരായ ഞങ്ങള്‍ പടയൊരുക്കം നടത്തുന്നില്ല. ഞങ്ങള്‍ മതനിരപേക്ഷ ചരിത്രകാരന്‍മാരാണ്. ഞങ്ങളുടെ പ്രതികരണം ഞങ്ങളെഴുതുന്ന മതനിരപേക്ഷ ചരിത്രത്തിലൂടെയാണു പുറത്തുവരുന്നത്. ചരിത്രകാരന്‍മാരെ യുദ്ധത്തിനു സജ്ജരാക്കാന്‍ നിങ്ങള്‍ക്കാവില്ല. ചരിത്രകാരന്‍മാര്‍ക്ക് ചരിത്രത്തെ വിശദീകരിക്കാന്‍ സ്വന്തം വഴി ചിന്തിക്കേണ്ടതുണ്ട്. ഓരോ ചരിത്രകാരനും താനെഴുതുന്ന ചരിത്രം ഒരു വിശദീകരണം തന്നെയാണെന്നു ബോധ്യപ്പെടേണ്ടതുണ്ട്.
ഒരു ചരിത്രകാരിയെന്ന നിലയില്‍ നിര്‍മലമായ മതപരിപ്രേക്ഷ്യത്തെ പിന്തുണയ്ക്കുന്ന ഒന്നിനു സ്വീകാര്യമാവുന്ന മതനിരപേക്ഷ ചരിത്രമായിരിക്കും ഞാന്‍ കണ്ടെത്തുക. പക്ഷേ, ചരിത്രകാരന്‍മാര്‍ക്കു പടയൊരുക്കം സാധ്യമല്ല. അവര്‍ തങ്ങളുടെ ഉത്തരങ്ങള്‍ സ്വയം കണ്ടെത്തുകയാണ്. അവര്‍ എഴുതുന്ന ചരിത്രത്തിന്റെ സാധുതയെക്കുറിച്ച് സ്വയം ചോദിക്കുന്നില്ലെങ്കില്‍  അതു വിമര്‍ശനാതീതമായിത്തീരും. തെളിവിന്റെ വിമര്‍ശനാത്മക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള ചരിത്രമല്ല അത് എന്നതാണ് അതിനു കാരണം.


ro1
പാഠപുസ്തകങ്ങള്‍ വിജ്ഞാന കൈമാറ്റത്തിന്റെ സുപ്രധാന ഉപകരണമായിട്ടാണ് പരിഗണിക്കുന്നത്. 1970കളിലും 80കളിലും താങ്കള്‍ രൂപം നല്‍കിയ പാഠപുസ്തകങ്ങള്‍ മതനിരപേക്ഷ വ്യക്തിത്വം അരക്കിട്ടുറപ്പിക്കാന്‍ ലക്ഷ്യംവയ്ക്കുന്നതായിരുന്നു. വലതുപക്ഷ ശക്തികള്‍ പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതുന്നതു സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
സമൂഹം ഒന്നാണെങ്കിലും അതില്‍ ബഹുസ്വത്വങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കേണ്ടതു പ്രധാനമാണ്. അവ ഓരോന്നും ചരിത്രത്തില്‍ ഇടം പിടിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ചരിത്രകാരന്‍മാര്‍ക്ക് തങ്ങള്‍ ഇത് ഉള്‍ക്കൊള്ളിക്കും, അത് പാടില്ല എന്നൊന്നും പറയാനാവില്ല. ഈ ബഹുസ്വത്വങ്ങള്‍ കാണുന്ന ചരിത്രകാരന്‍ അവയെ എങ്ങനെ സത്യസന്ധമായ രീതിയില്‍ പ്രതിനിധീകരിക്കുന്നു എന്നത് ഒരു പ്രശ്‌നമായി മാറുന്നുണ്ട്. സ്വത്വമെന്ന ആശയത്തെ നമുക്ക് ഇതുവഴി പുനപ്പരിശോധനയ്ക്കു വിധേയമാക്കേണ്ടതുമുണ്ട്. ചരിത്രപശ്ചാത്തലം മാറുമ്പോള്‍ സ്വത്വങ്ങളും മാറുന്നു. ഏകസ്വത്വത്തെ കുറിച്ചാണ് നാം സംസാരിക്കുന്നതെങ്കില്‍ കൂടി അതിനെ സൂക്ഷ്മതയോടെ നിര്‍വചിക്കേണ്ടതുണ്ട്.
സ്ത്രീവാദചരിത്രം ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം, സ്ത്രീവാദ ചരിത്രകാരന്മാര്‍ ചോദിക്കുന്ന തരം ചോദ്യങ്ങളില്ലാതെ ഒരാള്‍ക്ക് സാമൂഹിക ചരിത്രം എഴുതാനാവില്ല.
ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ചരിത്രകാരന്‍മാരെ ഗ്രൂപ്പുകളാക്കി വിഭജിക്കാനാവും. ചില ചരിത്രകാരന്മാര്‍ മാര്‍ക്‌സിസ്റ്റുകളും ശേഷിക്കുന്ന ചിലര്‍ മാര്‍ക്‌സിസ്റ്റ് ഇതരരുമാണ്. ഈ ഗ്രൂപ്പുകള്‍ തമ്മില്‍ വലിയ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, യൂറോപ്പിലെ നാടുവാഴിത്തസമൂഹത്തിനു സമാനമായിരുന്നോ ഇന്ത്യന്‍ നാടുവാഴിത്തസമൂഹം എന്ന ചര്‍ച്ച നടന്നു. രണ്ടും ഒരുപോലെയല്ലെങ്കില്‍ എന്തായിരുന്നു വ്യത്യസ്തത എന്ന ചോദ്യമുയര്‍ന്നു. ഈ ചര്‍ച്ച മധ്യകാല ഇന്ത്യന്‍ സമൂഹത്തെ കുറിച്ചുള്ള ഞങ്ങളുടെ അറിവിനെ മുന്നോട്ടു കൊണ്ടുപോയി. ഹിന്ദുത്വ പരിപ്രേക്ഷത്തില്‍ നിന്നു ചരിത്രത്തെ കാണുന്നത് കൂടുതല്‍ ആശങ്കാജനകമാണ്. ചരിത്രവാദത്തേക്കാള്‍ അവര്‍ സ്വന്തം പ്രത്യയശാസ്ത്രമാണ് മുന്നോട്ടുതള്ളുന്നത്.
സങ്കീര്‍ണമായ ഒരു സമൂഹത്തെ നിങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതിനെ ബഹുപരിപ്രേക്ഷ്യത്തിന്റെ പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ട്. തെളിവിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലുള്ളവയായിരിക്കണം അവയോരോന്നും. ഉപയോഗിക്കപ്പെട്ട തെളിവിന്റെ വിശ്വാസ്യത, പ്രസ്താവനകളുടെ സാധുത, യുക്തി എന്നിവ ചരിത്രകാരന്‍ പരിശോധിച്ചേ തീരൂ. ഭൂതകാലത്തെ എങ്ങനെ മനസ്സിലാക്കാനാവുമെന്ന് അപ്പോള്‍ വ്യക്തമാവും.
വര്‍ത്തമാനരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ ഭാവിയെ എങ്ങനെ കാണുന്നു?
മതനിരപേക്ഷതയെ നിര്‍വചിക്കുന്ന കാര്യത്തില്‍ ധാരാളം ചര്‍ച്ചകളും സംവാദങ്ങളും നടക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ ഏറ്റുമുട്ടല്‍ പോലും സാധ്യമാണ്. എന്നാല്‍, അന്തിമമായി ജനാധിപത്യത്തിന്റെ അതിജീവനത്തിന് നാം മതനിരപേക്ഷമാവുക തന്നെ വേണം. മറ്റു മാര്‍ഗങ്ങളൊന്നുമില്ല. നാം ഏകാധിപത്യമാര്‍ഗം അവലംബിക്കുന്നുവെങ്കില്‍ അതില്‍ മാറ്റം വരും. എന്നാല്‍ അതോടെ മുഴുവന്‍ മേഖലയിലെയും രാഷ്ട്രീയവും മാറും.
ഇന്ത്യയില്‍ ഏകാധിപത്യത്തിന്റെ എന്തെങ്കിലും സൂചനകള്‍ കാണാനുണ്ടോ?
എനിക്കറിയില്ല. ഇപ്പോള്‍ അതിനെക്കുറിച്ച് പറയാന്‍ വളരെ പ്രയാസമാണ്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാവുമെന്നു കരുതുന്നുണ്ടോ?
ആത്മാര്‍ഥമായി ഞാന്‍ അങ്ങനെ പ്രത്യാശിക്കുന്നു. ഒടുവില്‍ അതു സംഭവിക്കേണ്ടതുണ്ട്. ഇരുരാഷ്ട്രങ്ങളും സാംസ്‌കാരികമായും ചരിത്രപരമായും ആഴത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ അതു സംഭവിക്കുകതന്നെ ചെയ്യും. ശത്രുത അനിശ്ചിതമായി നീളുമെന്ന് ഞാന്‍ കരുതുന്നില്ല.


വിവ: കുന്നത്തൂര്‍ രാധാകൃഷ്ണന്‍/ വൈശാഖന്‍ എം.കെ.

Next Story

RELATED STORIES

Share it