ജനവിരുദ്ധ വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തുക: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: ജനവിരുദ്ധ വര്‍ഗീയ കക്ഷികള്‍ക്കും മുന്നണികള്‍ക്കുമെതിരേ വോട്ട് രേഖപ്പെടുത്തണമെന്ന് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങളോട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രേട്ടറിയറ്റ് യോഗം ആഹ്വാനംചെയ്തു.
മതേതര വ്യവസ്ഥയ്ക്കും വിഭിന്ന മതങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും വ്യത്യസ്തമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കും നേരെ ബിജെപി ഭീഷണിയുയര്‍ത്തുന്നു. ഫാഷിസത്തിന്റെയും മതഭ്രാന്തിന്റെയും ഈ ശക്തികള്‍ക്കെതിരേ രാഷ്ട്രത്തില്‍ രൂപംകൊള്ളുന്ന ഗുണാത്മക ധ്രുവീകരണത്തെ ഏകോപിപ്പിക്കുന്നതില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മുഖ്യ രാഷ്ട്രീയ മുന്നണികള്‍ പരാജയപ്പെട്ടതായി സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ന്യൂനപക്ഷ പിന്തുണയ്ക്കായി മുന്നണികള്‍ മുഴക്കുന്ന മല്‍സരിച്ചുള്ള മുറവിളികള്‍ കേവലം തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മാത്രമാണ്. മമതാ ബാനര്‍ജിയെ പുറത്താക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ്സും സിപിഐ-എമ്മും ഒന്നിച്ച് പോരാടുമ്പോഴും അവരുടെ കഠിന ശത്രുവായ ബിജെപിക്കെതിരേ കേരളത്തില്‍ ഈ നയം ആവര്‍ത്തിക്കുന്നതിനു തയ്യാറാവുന്നില്ലെന്നതു തീര്‍ത്തും വിചിത്രമാണ്.
കേരളത്തിലും തമിഴ്‌നാട്ടിലും ഏതെങ്കിലും സീറ്റ് ബിജെപി നേടിയാല്‍ അതു ന്യൂനപക്ഷ വോട്ടുകളുടെ വിഭജനംമൂലമല്ല, മതേതര കക്ഷികള്‍ എന്നു വിളിക്കപ്പെടുന്നവരുടെ തത്വാധിഷ്ഠിതമല്ലാത്ത തിരഞ്ഞെടുപ്പ് സമീപനങ്ങള്‍ കാരണമാണെന്ന് സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയും സഖ്യകക്ഷികളും അവതരിപ്പിച്ച സ്ഥാനാര്‍ഥികള്‍ക്കു കേന്ദ്ര സെക്രട്ടേറിയറ്റ് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെങ്ങും വരള്‍ച്ച അനുഭവപ്പെടുന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ യോഗം നമ്മുടെ അത്യാര്‍ത്തി കാലാവസ്ഥാ മാറ്റങ്ങള്‍ക്കു കാരണമാവുന്നതിനെക്കുറിച്ച് സ്വയംവിചാരണയ്ക്കു സമയമായിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍, സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നതിനു ജനങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ട്. കടുത്ത ജലക്ഷാമം നേരിടുന്നവര്‍ക്കു കുടിവെള്ളം എത്തിക്കുന്നതിനു രംഗത്തിറങ്ങാന്‍ പോപുലര്‍ ഫ്രണ്ട് ഘടകങ്ങളോടും പ്രവര്‍ത്തകരോടും യോഗം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it