Idukki local

ജനവിധി മുന്നണികള്‍ക്കും ഘടകകക്ഷികള്‍ക്കും നിര്‍ണായകമാവും

സി എ സജീവന്‍

തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ജനവിധി ഇടത്-യുഡിഎഫ് മുന്നണികള്‍ക്കും ഘടകകക്ഷികള്‍ക്കും നിര്‍ണായകമാകും.സീറ്റുവീതം വെയ്ക്കുന്നതിലുള്‍പ്പടെ ഹൈറേഞ്ച് സംരക്ഷണ സമിതിയോട് ഇടതുമുന്നണി തുടര്‍ന്നുവരുന്ന അമിത വാല്‍സല്യം തിരഞ്ഞെടുപ്പുഫലത്തില്‍ ഗുണംചെയ്തില്ലെങ്കില്‍ അതു മുന്നണിക്കുള്ളില്‍ പ്രശ്‌നമാവും. കട്ടപ്പന മുനിസിപ്പാലിറ്റിയിലുള്‍പ്പടെ പലയിടത്തും സീറ്റുവിഭജനത്തില്‍ അനാവശ്യ പ്രാധാന്യം സമിതിക്കു നല്‍കിയെന്ന ആക്ഷേപം സിപിഐ ഉന്നയിച്ചിരുന്നു.
ഈ തിരഞ്ഞെടുപ്പു ഫലം യുഡിഎഫിലും വലിയ പൊട്ടിത്തെറിക്കു വഴിതുറന്നേക്കാം. കാരണം, സ്വന്തം പാര്‍ടിയില്‍ നിന്നുള്ള വിമതരെ മാത്രമല്ല ഘടകകക്ഷികള്‍ നേരിട്ട് കോണ്‍ഗ്രസ്സിനെതിരെ പലയിടത്തും സൗഹൃദമല്‍സരമെന്ന പേരില്‍ തിരഞ്ഞെടുപ്പ് ഗോദയിലെത്തിയിരുന്നു. മന്ത്രി പി ജെ ജോസഫിന്റെ സ്വന്തം പുറപ്പുഴ പഞ്ചായത്തുള്‍പ്പടെ പലയിടങ്ങളിലും ഇത്തരത്തില്‍ ഇരു പാര്‍ടികളും തമ്മില്‍ ഏറ്റുമുട്ടി. അവിടെ മല്‍സരം സൗഹൃദമെന്നു പറയുമ്പോഴും മറ്റിടങ്ങളില്‍ പ്രതിപക്ഷ മുന്നണിയുമായുള്ള പോരാട്ടത്തേക്കാള്‍ തീപാറുന്നതായിരുന്നു.
തിരഞ്ഞെടുപ്പിനു ശേഷവും ജനവിധിയുടെ അലയൊലികള്‍ കോണ്‍ഗ്രസിലും കേരളകോണ്‍ഗ്രസിലും പ്രതിഫലിക്കുമെന്നതിലും സംശയമില്ല. ജില്ലയില്‍ നില മെച്ചപ്പെടുത്തുമെന്ന ആത്മവിശ്വാസമാണ് ഇടതിനുള്ളത്. അതേസമയം കഴിഞ്ഞ തവണത്തേതുപോലെ മുന്തിയ വിജയം നേടുമെന്നു യുഡിഎഫും വിശ്വസിക്കുന്നു.
പത്തു സീറ്റിനു മുകളില്‍ നേടി ജില്ലാ പഞ്ചായത്തില്‍ വീണ്ടും ഭരണത്തില്‍ എത്താമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ അതു കണ്ടറിയാമെന്നാണ് ഇടതു വെല്ലുവിളി.കഴിഞ്ഞ തവണ ആകെയുള്ള 16 ഡിവിഷനില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റു പോലും കിട്ടിയിരുന്നില്ല. ആകെയുള്ള 52ല്‍ 35 ഗ്രാമപ്പഞ്ചായത്തുകളെങ്കിലും കിട്ടുമെന്നു യുഡിഎഫ് കരുതുന്നു.രാജാക്കാട്, ശാന്തന്‍പാറ, സേനാപതി, കൊക്കയാര്‍ പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം,മുപ്പതിലധികം പഞ്ചായത്തുകള്‍ ലഭിക്കുമെന്നാണ് എല്‍.ഡി.എഫ്. പ്രതീക്ഷ.ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സാന്നിധ്യം ഹൈറേഞ്ചില്‍ വന്‍തോതില്‍ മുന്നേറ്റമുണ്ടാക്കുമെന്നും അവര്‍ വിലയിരുത്തുന്നു. കഴിഞ്ഞ തവണ ആകെ 53 പഞ്ചായത്തില്‍ 43ലും യുഡിഎഫ് ഭരണമായിരുന്നു.
എല്‍ഡിഎഫിന് കിട്ടിയത് 10എണ്ണം മാത്രം. രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ചിന്നക്കനാല്‍, മാട്ടുപ്പെട്ടി, വണ്ടിപ്പെരിയാര്‍, കൊക്കയാര്‍, ഉടുമ്പുഞ്ചോല, പള്ളിവാസല്‍ എന്നിവ. ഇതില്‍ പള്ളിവാസലില്‍ നറുക്കെടുപ്പിലൂടെയാണ് ഇവര്‍ക്കു പ്രസിഡന്റ് പദവി ലഭിച്ചത്.തിരഞ്ഞെടുപ്പ് ഫലം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ജനസ്വാധീനത്തിന്റെ വിലയിരുത്തല്‍ കൂടിയാകും. ഇടതുപക്ഷവുമായി ചേര്‍ന്ന് സമിതിയുടെ പ്രമുഖ നേതാവായ സി കെ മോഹനന്‍ അടക്കം ഹൈറേഞ്ചിലൊട്ടാകെ 380 ഓളം സ്ഥാനാര്‍ഥികളാണ് സമിതിയുടെതായി മത്സരിച്ചത്. ഇവരുടെ വിജയപരാജയങ്ങളിലാകും സമിതിയുടെ ഭാവിയും.
Next Story

RELATED STORIES

Share it