ജനവികാരത്തെ വെല്ലുവിളിച്ച് ആതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ല: മന്ത്രി ബാലന്‍

പാലക്കാട്: ജനവികാരത്തെ വെല്ലുവിളിച്ച് ആതിരപ്പിള്ളി പദ്ധതി സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. ഇതുമായി ബന്ധപ്പെട്ടു ഏറ്റുമുട്ടല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
താന്‍ വൈദ്യുതി മന്ത്രിയായിരിക്കെ കേന്ദ്രമന്ത്രി ജയറാം രമേശുമായി നിരന്തരം ഏറ്റുമുട്ടിയാണ് പദ്ധതിക്ക് അനുമതി നേടിയെടുത്തത്. സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി അനുവദിച്ചത്. പദ്ധതി നടപ്പാക്കുകയാണെങ്കില്‍ പരിസ്ഥിതിക്കു യാതൊരു കോട്ടവും തട്ടാതെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ ഭൂമിപ്രശ്‌നം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയക്ക് കൂടുതല്‍ പ്രധാന്യം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ വീടുവയ്ക്കല്‍, സ്ഥലം വാങ്ങല്‍, വിവാഹ ധനസഹായം എന്നിവയ്ക്കായി 500 കോടി രൂപയും, ഒഇസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് 200 കോടി രൂപയും പട്ടികജാതി വര്‍ഗത്തിന് 50 കോടി രൂപയും സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. മുതലമട കള്ളിയമ്പാറ ആദിവാസി കോളനിയിലെ പട്ടയം സംബന്ധിച്ച പ്രശ്‌നം പഠിച്ച ശേഷം നടപടി സ്വീകരിക്കും. മാലിന്യപ്രശ്‌നത്തില്‍ ശുചിത്വ മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. മഴക്കാല പൂര്‍വ ശുചീകരണത്തിനായി ഓരോ വാര്‍ഡുകള്‍ക്കും 25,000 രൂപ വീതം അനുവദിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് നികത്തും. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. സംസ്ഥാനത്തെ കോടതികളുടെ ശോച്യാവസ്ഥ പരിഹരിക്കും. സാംസ്‌കാരിക മേഖലയില്‍ ബദല്‍നയം രൂപീകരിക്കും. തെറ്റുചെയ്യുന്നവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it