palakkad local

ജനവാസ മേഖലയില്‍ മാലിന്യം തള്ളി; നഗരസഭയ്‌ക്കെതിരേ പ്രതിഷേധം

ഒലവക്കോട്: താരേക്കാട് ഹരിശങ്കര്‍ റോഡില്‍ മാരിയമ്മന്‍ കോവിലിന് സമീപം ഇലക്ട്രിക് പോസ്റ്റിനു താഴെ കൂട്ടിയിട്ട മാലിന്യത്തിന് കോളനി നിവാസികള്‍ തീയിട്ടു. ആളിക്കത്തിയ തീയേറ്റ് സമീപത്തെ നെല്ലി, പ്ലാവ്, തെങ്ങ് മരങ്ങള്‍ക്ക് എന്നിവ കരിഞ്ഞുണങ്ങി. സമീപത്തെ ഇലക്ട്രിക് പോസ്റ്റിലേക്ക് തീപടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി കഴിഞ്ഞ ഒരു മാസത്തോളമായി നഗരസഭ മാലിന്യം കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇവിടെ മാലിന്യം കുന്നുകൂടി കിടന്നിരുന്നു. താരേക്കാട് ഗ്രാമത്തിന്റെ പിന്‍ഭാഗത്തുള്ള വഴിയാണിപ്പോള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്.
ഹരിശങ്കര്‍ റോഡ് നിവാസികളാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. ഉറവിട മാലിന്യ നിക്ഷേപത്തെക്കുറിച്ച് ഇവിടെ ബോധവല്‍ക്കരണം നടക്കുമ്പോഴും യാതൊരു മടിയും കൂടാതെ റോഡരികില്‍ മാലിന്യം തള്ളുന്ന സ്ഥിതിയാണുളളത്. താരേക്കാട് ഗ്രാമത്തിന്റെ ഭാഗമായ പഴയവഴിയുടെ റോഡിലേക്കുള്ള ഭാഗം അടച്ചുകെട്ടിയാണ് കോളനിക്കാര്‍ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്.
മല്‍സ്യ-മാംസാദികളുടെ അവശിഷ്ടങ്ങളും മദ്യക്കുപ്പികളും ബ്രാഹ്മണരായ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുകയാണ്. പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുതള്ളുന്ന മാലിന്യകിറ്റുകള്‍ നായ്ക്കളും പൂച്ചകളും കടിച്ചു വലിച്ച് ഗ്രാമവാസികളുടെ വീട്ടുവളപ്പില്‍ കൊണ്ടിടുന്നത് പതിവാണ്. ദിവസേന ഇത്തരം മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ട ഗതികേടിലാണു പ്രദേശവാസികള്‍. രാത്രികാലങ്ങളില്‍ മാലിന്യകൂമ്പാരത്തില്‍ നായ്ക്കള്‍ കടി കൂടുന്നത് യാത്രക്കാര്‍ക്ക് ശല്യമായി മാറിയിട്ടുമുണ്ട്. മാലിന്യം നീക്കം ചെയ്ത് പഴയ വഴി ഉപയോഗയോഗ്യമാക്കണമെന്ന് കൗണ്‍സിലര്‍മാരോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇലക്ട്രിക് പോസ്റ്റിനു താഴെ തീയിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it