malappuram local

ജനറല്‍ സെക്രട്ടറിമാര്‍ വാര്‍ഡ് കമ്മിറ്റിക്ക് പോലും പരിചയമില്ലാത്തവര്‍

മലപ്പുറം: സംസ്ഥാനത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനസംഘടനയ്‌ക്കൊപ്പം മലപ്പുറത്തും പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. ജില്ലയില്‍ നേതാക്കളായെത്തിയത് വാര്‍ഡ് കമ്മിറ്റിക്കു പോലും പരിചയമില്ലാത്തവരെന്നാക്ഷേപം. 34 അംഗ ജംബോ കമ്മിറ്റിയാണ് മലപ്പുറത്ത് നിലവില്‍ വന്നിട്ടുള്ളത്.
തിരുവനന്തപുരം പോലെ നൂറുകവിഞ്ഞ പട്ടിക നോക്കുമ്പോള്‍ മലപ്പുറത്ത് ആശ്വസിക്കാനെങ്കിലും വകയുണ്ടെന്നാണ് കോണ്‍ഗ്രസ് അണികളുടെ സംസാരം. നേതൃപരിചയമില്ലാത്തവരും ക്രിമിനല്‍ പാശ്ചാത്തലമുള്ളവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്ന ആക്ഷേപവും ശക്തമാണ്. പൊന്നാനിയില്‍നിന്ന് പട്ടികയില്‍ കടന്നുകൂടിയ ഒരു നേതാവിന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് 13 വോട്ടാണത്രെ. താഴെ തട്ടുമായി ബന്ധമില്ലാത്തവരാണ് ജനറല്‍ സെക്രട്ടറിമാരില്‍ കൂടുതലുമെന്നത് പാര്‍ട്ടി നിര്‍ദേശം നടപ്പാക്കാന്‍ പ്രയാസം സൃഷ്ടിക്കും. 10 വര്‍ഷമോ അതിലധികമോ ജില്ലാ ഭാരവാഹിയായിരുന്നവരെ ഒഴിവാക്കാനെന്ന പേരില്‍ ചിലരെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. യോഗ്യതയുള്ള പലരേയും തഴഞ്ഞാണ് ഇപ്പോഴത്തെ പട്ടിക പുറത്തിറങ്ങിയതെന്നാണ് അണികളുടെ വ്യാപക പരാതി.
മലപ്പുറത്ത് 34 ഭാരവാഹികള്‍ക്കു പുറമെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നു പ്രായകൂടുതല്‍ കാരണം മാറിയ ചിലരും നേരത്തെ ഭാരവാഹിയായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇനി നൂറിനടുത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളെക്കൂടി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇവരടക്കം എല്ലാവരും ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയാല്‍ ഡിസിസി ഓഫിസിലെ ഇപ്പോഴത്തെ ഹാള്‍ തികയാതെ വരും. ചുരുക്കിപ്പറഞ്ഞാല്‍ ഡിസിസി യോഗം ഇനി പുറത്ത് ഏതെങ്കിലും ഓഡിറ്റോറിയത്തില്‍ ചേരേണ്ടി വരും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്‍പ് ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ പുനസംഘടന നടന്നിരുന്നു. തര്‍ക്കം മൂലമാണ് ഡിസിസി പുനസംഘടന തിരഞ്ഞെടുപ്പിനു ശേഷമാക്കിയത്.
ജനുവരി നാലിന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കേരളയാത്ര തുടങ്ങുന്നതിന്റെ പാശ്ചാതലത്തില്‍ കൂടിയാണ് ഡിസിസി പുനസംഘടന ധൃതി പിടിച്ച് നടത്തിയത്. ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കളുടെ ഇഷ്ട ഭാജനങ്ങളും സാമുദായിക സന്തുലനവുമൊക്കെ കടന്നുവന്നപ്പോള്‍ പട്ടിക നീളുകയായിരുന്നു.
Next Story

RELATED STORIES

Share it