kasaragod local

ജനറല്‍ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂനിറ്റിലെ ജനറേറ്റര്‍ കേടായി

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ഫിസിയോ തെറാപ്പി യൂനിറ്റിലെ ജനറേറ്റര്‍ കേടായി. പകരം സംവിധാനം അധികൃതര്‍ ഒരുക്കാത്തതിനാല്‍ രോഗികള്‍ക്ക് ദുരിതമായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യൂനിറ്റിലെ ജനറേറ്റര്‍ കേടായത്. നിത്യേന 50ലധികം രോഗികളാണ് യൂനിറ്റില്‍ എത്തുന്നത് വൈദ്യുതി തടസപ്പെട്ടാല്‍ രോഗികള്‍ക്ക് ചികില്‍സ മുടങ്ങാതിരിക്കാനാണ് ജനറേറ്റര്‍ വാങ്ങിയത്. ഇടയ്ക്കിടെ വൈദുതി മുടങ്ങുന്നതും ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കാരണം തെറാപ്പി യൂനിറ്റിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല.രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്നു വരെയാണ് പ്രവര്‍ത്തന സമയം. ഇതിനിടയില്‍ മൂന്നും നാലും തവണ വൈദ്യുതി മുടങ്ങുന്നു. മണിക്കുറുകള്‍ കഴിഞ്ഞാണ് വൈദ്യുതി എത്തുന്നത്. ഇത് കാരണം ദൂരസ്ഥലത്ത് നിന്ന് രാവിലെ ഫിസിയോ തെറാപ്പി ചെയ്യാനെത്തുന്നവര്‍ മണിക്കൂറോളം കാത്ത് നിന്ന് വെറുതെ തിരിച്ചുപോകേണ്ടി വരുന്നു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി രോഗികളാണ് ഫിസിയോ തെറാപ്പി ചെയ്യാനെത്തുന്നത്. ഒരു ഡോക്ടറുടെയും രണ്ട് തെറാപ്പിസ്റ്റുകളുടേയും സേവനം യുനിറ്റിലുണ്ടെങ്കിലും ജീവനക്കാരുടെ കുറവും യൂനിറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. രോഗികള്‍ക്ക് സൗജന്യമായി മെച്ചപ്പെട്ട സൗകര്യം നല്‍കുന്ന ഫിസിയോ തെറാപ്പി യൂനിറ്റില്‍ പുതിയ ജനറേറ്റര്‍ സ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
Next Story

RELATED STORIES

Share it