Pathanamthitta local

ജനറല്‍ ആശുപത്രിയില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇരു കാല്‍മുട്ടുകളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൂടല്‍ സന്തോഷ് ഭവനില്‍ രാമചന്ദ്രന്‍ നായരുടെ ഭാര്യ രാജമ്മ (68)യുടെ ഇരു കാല്‍മുട്ടുകളുമാണ് മാറ്റിവച്ചത്. രണ്ട് കാല്‍മുട്ടുകളും ഒരേ സമയത്ത് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് ജനറല്‍ ആശുപത്രിയില്‍ നടന്നത്.
അസ്ഥിരോഗ വിദഗ്ധനായ ഡോ. ലാജി കെ തരകന്‍, ഡോ. പി കെ സിബി എന്നിവരാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. ഡോ. ജയചന്ദ്രന്‍, ഡോ. ഗോപകുമാര്‍, സ്റ്റാഫ് നഴ്‌സ് സാജന്‍ ടി ഫിലിപ്പും സഹായിയായി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വലിയ സ്വകാര്യ ആശുപത്രികളിലും മാത്രമാണ് ഇപ്പോള്‍ മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താറുള്ളത്. ഒരേ സമയം രണ്ട് മുട്ടുകളും മാറ്റുന്ന ശസ്ത്രക്രിയ അപൂര്‍വമായേ നടത്താറുള്ളു. രണ്ടുതവണ വേദന സഹിക്കാന്‍ പറ്റാത്തതിനാല്‍ രണ്ടുമുട്ടുകളും ഒരേ സമയത്ത് മാറ്റി വയ്ക്കണമെന്ന രാജമ്മയും ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഒരു മുട്ട് മാറ്റിവയ്ക്കുന്നതിന് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ്.
ഒറ്റത്തവണ മയക്കി രണ്ടു മുട്ടുകളും മാറ്റിവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ ഡോക്ടര്‍മാര്‍ രോഗിയെയും ബന്ധുക്കളെയും ധരിപ്പിച്ചു. ഒറ്റത്തവണത്തെ മയക്കം ഉണരും മുമ്പ് രണ്ടുമുട്ടുകളും മാറ്റി വയ്ക്കാനായി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്.
കസേരയില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ച രാജമ്മ ശസ്ത്രക്രിയയ്ക്ക് ശേഷം വോക്കറിന്റെ സഹായത്തോടെ നടന്നു. സ്വകാര്യ ആശുപത്രിയില്‍ നാലുലക്ഷം രൂപ ചെലവ് വരുന്ന സ്ഥാനത്ത് 1,60,000 രൂപയേ ആയിട്ടുള്ളു.
Next Story

RELATED STORIES

Share it