ernakulam local

ജനറല്‍ ആശുപത്രിയില്‍ ഓപറേഷന്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടി

കൊച്ചി: വാര്‍ഷിക അറ്റകുറ്റപണിയുടെ ഭാഗമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഓപറേഷന്‍ തിയേറ്ററുകള്‍ അടച്ചുപൂട്ടി. എയര്‍ ഹാന്‍ഡലിങ് യൂനിറ്റ് സ്ഥാപിക്കുന്നതിനായി ഒന്നര മാസം മുന്‍പ് അടച്ച രണ്ടു തിയേറ്ററുകള്‍ക്കു പിന്നാലെ ദിവസവും ഓപറേഷന്‍ നടന്നുകൊണ്ടിരുന്ന മൂന്നു തിയേറ്ററുകള്‍ കൂടിയാണ് ഇന്നലെ മുതല്‍ പൂട്ടിയത്.
വാര്‍ഷിക അറ്റകുറ്റ പണികളുടെ ഭാഗമായാണു തിയേറ്ററുകള്‍ അടച്ചതെന്നും മൂന്നു ദിവസത്തിനകം തുറന്നു പ്രവര്‍ത്തിക്കുമെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
ഇതോടെ ഈ ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന ചെറുതും വലുതുമായ ഇരുപതോളം ഓപറേഷനുകളാണ് മുടങ്ങിയത്. രണ്ടു തിയേറ്ററുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അതുവഴി രോഗികള്‍ക്ക് അണുബാധ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് അടിയന്തരമായി മൂന്നു തിയേറ്ററുകള്‍ കൂടി അടിച്ചതെന്ന് ആര്‍എംഒ ഡോ. ഹനീഷ് പറഞ്ഞു. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഡിസംബര്‍ മാസത്തില്‍ മൂന്നു ദിവസത്തേക്കു തീയറ്ററുകള്‍ അടച്ചിടുക പതിവാണ്.
നിലവില്‍ രണ്ടു തീയറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അതോടൊപ്പം മറ്റുള്ളവയുടെ അറ്റകുറ്റ പണികള്‍ക്കൂടി നടക്കട്ടേയെന്നു കരുതിയാണ് തിയേറ്ററുകള്‍ അടച്ചത്. മൂന്നു ദിവസത്തിനുള്ളില്‍ തീയറ്ററുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കും. എയര്‍ ഹാന്‍ഡലിംങ് യൂനിറ്റ് സ്ഥാപിക്കുന്നതിന്റെ ജോലികള്‍ നടക്കുന്ന രണ്ടു തിയേറ്ററുകള്‍ പണികള്‍ പൂര്‍ത്തിയാക്കി ജനുവരിയോടെ തുറക്കാനാകു. ഇതുവരെ അത്യാഹിത ഘട്ടങ്ങളില്‍ ഓപ്പറേഷന്‍ നടത്തുന്നതിനായി എമര്‍ജന്‍സി തിയേറ്റര്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it