Pathanamthitta local

ജനറല്‍ ആശുപത്രിയിലെ വയോജന ക്ലിനിക്കിന്റെ പ്രവര്‍ത്തനം നിലച്ചു

പത്തനംതിട്ട: ജീവനക്കാരുടെ അഭാവത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വയോജന ക്ലീനിക്കിന്റെ പ്രവര്‍ത്തനം നിലച്ചു. ദൈനംദിനം നൂറോളം രോഗികള്‍ ആശ്രയിച്ചിരുന്ന ക്ലീനിക്കില്‍ കഴിഞ്ഞ ഒരു മാസമായി ഡോക്ടറുടെ സേവനവും ലഭ്യമല്ല. ഇതിനോടൊപ്പം കഴിഞ്ഞ ദിവസങ്ങളില്‍ പാരാമെഡിക്കല്‍ ജീവനക്കാരില്‍ പകുതിയോളം പേരെയും സ്ഥലം മാറ്റി. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനും ചികില്‍സിക്കാനും മുതിര്‍ന്ന പൗരന്മാരെ സംസ്ഥാന വ്യാപകമായി ദേശീയ ആരോഗ്യ പദ്ധതിയിലുള്‍പ്പെടുത്തി തുടങ്ങിയ ക്ലിനിക്കിന്റെ പ്രവര്‍ത്തനമാണ് ഇതോടെ ജില്ലയില്‍ നഷ്ടമാവുന്നത്.
ആറു കിടക്കകളുള്ള കോറോണറി കെയര്‍ യൂനിറ്റും പത്തു കിടക്കകളുള്ള മുതിര്‍ന്ന പൗരന്മാരുടെ വാര്‍ഡുമായിരുന്നു വയോജന ക്ലീനിക്കിനായി ക്രമീകരിച്ചിരുന്നത്. സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ 2010ല്‍ തുടങ്ങിയ പദ്ധതിയില്‍ ആദ്യത്തെ പദ്ധതിയായിട്ടാണു ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന പൗരന്മാരുടെ ഒപി തുടങ്ങിയത്. ആലപ്പുഴ, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നിവയാണു മറ്റു ജില്ലകള്‍. പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനമാണു ജനറല്‍ ആശുപത്രിക്കു വിനയായത്. നിലവില്‍ അഞ്ചു ജില്ലകളില്‍ ഉള്ള ജീവനക്കാരെ 14 ജില്ലകളിലായി വിന്യസിപ്പിക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്തത്.
പദ്ധതി തുടങ്ങിയശേഷം 2012ല്‍ കേന്ദ്രസര്‍ക്കാര്‍ ആറര കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പുറകേതന്നെ ഇതു തിരിച്ചടയ്ക്കണമെന്ന നിര്‍ദേശവും വന്നു. അന്നു തിരിച്ചടച്ച തുക ഇതുവരെ കിട്ടിയിട്ടില്ല.
എല്ലാ മാസവും ജിവനക്കാരുടെ ശമ്പളത്തിനുള്ള അപേക്ഷ നല്‍കുമ്പോള്‍ അനുവദിക്കാറുണ്ട്. മറ്റു സൗകര്യങ്ങളെല്ലാം ആശുപത്രി തന്നെ ഒരുക്കണമെന്നാണു നിര്‍ദേശം. ഒമ്പതു സ്റ്റാഫ് നഴ്‌സുമാരില്‍ മൂന്നു പേരെയും അഞ്ച് അറ്റന്‍ഡര്‍മാരില്‍ മൂന്നു പേരെയും ഒരു ഫിസിയോതെറപ്പിസ്റ്റിനെയുമാണ് പത്തനംതിട്ടയില്‍ നിന്നും സ്ഥലം മാറ്റിയത്.
രണ്ടു ഡോക്ടര്‍മാരുടെ തസ്തികയില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ മൂന്നു മാസത്തേക്കു പ്രസവാവധിയില്‍ പോയിരിക്കുകയാണ്. ആശുപത്രിയില്‍ നിലവില്‍ പത്തു സ്റ്റാഫ് നഴ്‌സുമാരുടെ കുറവുണ്ട്. വയോജന ക്ലിനിക്കിലെ നഴ്‌സുമാരുടെ സേവനം കൂടി ഇല്ലാതാവുമ്പോള്‍ രോഗികള്‍ക്കു ലഭിക്കേണ്ട സേവനത്തെ കാര്യമായി ബാധിക്കും.
ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള ജീവനക്കാരെ ഉപയോഗപ്പെടുത്തി മുതിര്‍ന്ന പൗരന്മാരുടെ ഒപി പ്രവര്‍ത്തനം തുടരണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം.ദിവസവും ആയിരത്തിലേറെ രോഗികളെത്തുന്ന ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന ഒപി പ്രവര്‍ത്തനരഹിതമാവുന്നതോടെ പ്രത്യേക പരിഗണന ലഭിച്ചിരുന്ന ഇവരും സാധാരണ രോഗികളോടൊപ്പം ഡോക്ടറുടെ സേവനത്തിനായി കാത്തിരിക്കേണ്ട സ്ഥിതി വിശേഷം ഉണ്ടാവും.
Next Story

RELATED STORIES

Share it