ernakulam local

ജനറം കുടിവെള്ള വിതരണ പദ്ധതി ഇന്ന് നാടിനു സമര്‍പിക്കും

മരട്: പശ്ചിമകൊച്ചിയുടെ കാത്തിരിപ്പിനു വിരാമമിട്ടു ജനറം കുടിവെള്ളം വിതരണ പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നാടിനു സമര്‍പ്പിക്കും. നെട്ടൂര്‍ ജല അതോറിറ്റി ഓഫിസ് അങ്കണത്തില്‍ വൈകീട്ട് 4നാണ് ചടങ്ങ്. മന്ത്രി പി ജെ ജോസഫ് അധ്യക്ഷത വഹിക്കും.
പശ്ചിമകൊച്ചി, തേവര, കോന്തുരുത്തി, പോര്‍ട്ട്, നേവല്‍ ബേസ് മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്തുന്ന പദ്ധതി മരട്, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം മേഖലകള്‍ക്കു പ്രയോജനപ്പെടും. പദ്ധതി നടപ്പാവുന്നതോടെ നഗരത്തിലെ കുടിവെള്ള വിതരണവും ഏറെ മെച്ചപ്പെടും. മരടില്‍ നിന്നു ശുദ്ധജല വിതരണം ആരംഭിക്കുന്നതോടെ പശ്ചിമകൊച്ചിയിലേക്കു വിതരണം ചെയ്തിരുന്ന വെള്ളം കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും ലഭ്യമാവും. പ്രതിദിനം നൂറ് ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പ്ലാന്റിന്റെ സ്ഥാപിതശേഷി.
ഏഴ് ദശലക്ഷം ലിറ്റര്‍ വെള്ളം ഇപ്പോള്‍ കുമ്പളത്തേക്ക് ഇവിടെ നിന്ന് പമ്പ് ചെയ്യുന്നുണ്ട്. റയില്‍വേ പാതയ്ക്കു കുറുകെയും ദേശീയ പാതയോരത്തും പൈപ്പിടാന്‍ അനുമതി ലഭിക്കാനുണ്ടായ കാലതാമസമാണ് പദ്ധതി ഇത്രയും വൈകാന്‍ കാരണമായത്.
2007 ലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 210 കോടി രൂപയായിരുന്നു ആദ്യ എസ്റ്റിമേറ്റ്. പിന്നീട് ഇത് 250 കോടി രൂപയായി ഉയര്‍ന്നു.
100 കോടി രൂപ വീതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും 25 കോടി വീതം ജല അതോറിറ്റിയും നഗരസഭയും നല്‍കുമെന്നായിന്നു ധാരണ. എന്നാല്‍ നഗരസഭ പദ്ധതി വിഹിതമായി ഇനിയും പണം നല്‍കാനുണ്ട്. മൂവാറ്റുപുഴയാറിലെ വെള്ളം പിറവത്തിനടുത്ത് പാഴൂരില്‍ നിന്നു മരടിലെത്തിച്ചാണു ശുദ്ധീകരിച്ച വിതരണം ചെയ്യുന്നത്.
പദ്ധതി യാഥാര്‍ഥ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്നു തേവര കോന്തുരുത്തി മേഖലാ കുടിവെള്ള സമരസമിതി കണ്‍വീനറും കൗണ്‍സിലറുമായ സി കെ പീറ്റര്‍ പറഞ്ഞു.
പുദ്ധതിയുടെ പൂര്‍ണതോതിലുള്ള പ്രയോജനം ലഭിക്കണമെങ്കില്‍ ഓള്‍ഡ് തേവരയുള്‍പ്പെടെയുള്ള ചില സ്ഥലങ്ങളില്‍ ഇനിയും പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രം ജലവിതരണം കാര്യക്ഷമമാവൂ. ഇന്ന് പ്ലാന്റ് ഉദ്ഘാടനം ചെയ്യുമെങ്കിലും ജലവിതരണം സാധാരണ നിലയിലാകാന്‍ 10 ദിവസം വേണ്ടിവരും.
ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിനും മരട് പ്ലാന്റില്‍ സൗകര്യമുണ്ട്.
Next Story

RELATED STORIES

Share it