ജനരക്ഷാ യാത്ര സമാപനം ഇന്ന്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം ഇന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ശംഖുമുഖം കടപ്പുറത്താണ് സമാപന സമ്മേളനം നടക്കുക.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അധ്യക്ഷത വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, വയലാര്‍ രവി എംപി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി വിഎസ് ശിവകുമാര്‍, ശശി തരൂര്‍ എംപി, ദീപക് ബാബറിയ എന്നിവര്‍ക്കു പുറമെ കെപിസിസി-ഡിസിസി ഭാരവാഹികളും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് എം ജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഗാനമേള ഒരുക്കിയിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന്റെ നാമധേയത്തിലാണ് സമ്മേളന നഗരിയൊരുക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നിരജ്ഞന്‍കുമാറിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സമ്മേളന നഗരിക്ക് നിരഞ്ജന്റെ പേര് നല്‍കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ജനുവരി നാലിന് കാസര്‍കോട് കുമ്പളയില്‍ നിന്നാരംഭിച്ച ജനരക്ഷായാത്ര സംസ്ഥാനത്തുടനീളം സഞ്ചരിച്ചാണ് കഴിഞ്ഞദിവസം തലസ്ഥാന നഗരിയില്‍ സമാപിച്ചത്. വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കുമെതിരെയായിരുന്നു കെപിസിസി അധ്യക്ഷന്റെ യാത്ര.
Next Story

RELATED STORIES

Share it