ജനരക്ഷാ യാത്ര: മുല്ലപ്പള്ളി വിട്ടുനിന്നതു വിവാദമാവുന്നു

വടകര: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പങ്കെടുക്കാത്തതു വിവാദമാവുന്നു. മുക്കാളിയിലെ വീട്ടിലുണ്ടായിരിക്കെയാണ് വിളിപ്പാടകലെ നടന്ന ജനരക്ഷാ യാത്രയുടെ മേഖലാ സമാപന സമ്മേളനത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാതിരുന്നത്. ശനിയാഴ്ച ജില്ലയില്‍ നടന്ന യാത്രയുടെ മറ്റു സ്വീകരണസ്ഥലങ്ങളിലും മുല്ലപ്പള്ളി പങ്കെടുത്തിരുന്നില്ല.
അതേസമയം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വടകരയിലെ പരിപാടിയിലേക്ക് മുല്ലപ്പള്ളിയെ ക്ഷണിച്ചിരുന്നില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍€പറയുന്നത്. മുല്ലപ്പള്ളിയുടെ അസാന്നിധ്യം മേഖലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സുധീരന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവഗണിക്കുന്ന സമീപനമാണ് സുധീരന്‍ സ്വീകരിച്ചത്. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ മുല്ലപ്പള്ളിയുടെ അസാന്നിധ്യത്തെക്കുറിച്ചു ചോദിച്ചപ്പോഴും ഗൗരവതരമായ പ്രതികരണത്തിലേക്ക് സുധീരന്‍ കടന്നില്ല. മണ്ഡലത്തില്‍ പരിപാടിയുള്ളതുകൊണ്ടാവാം പങ്കെടുക്കാത്തതെന്നായിരുന്നു സുധീരന്റെ പരാമര്‍ശം. മുല്ലപ്പള്ളി മുതിര്‍ന്ന നേതാവാണ്. ജനരക്ഷാ യാത്രയ്‌ക്കെതിരേ നിലപാടെടുക്കുമെന്നു കരുതുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. ജനരക്ഷാ യാത്ര വടകരയില്‍ എത്തുന്നതിനു മുമ്പുതന്നെ സുധീരനും മുല്ലപ്പള്ളിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നിരുന്നു. ഡിസിസി പുനസ്സംഘടനയുമായി ബന്ധപ്പെട്ട പരാതിയാണ് മുല്ലപ്പള്ളി ഉയര്‍ത്തിയത്. നിലവാരമില്ലാത്തവരെയാണ് നേതൃനിരയിലേക്കു തിരുകിക്കയറ്റിയതെന്നും ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കുന്നവരെ അവഗണിക്കുക വഴി മറ്റൊരു ഗ്രൂപ്പുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളിയുമായി അടുപ്പമുള്ളവര്‍ പറയുന്നു.
Next Story

RELATED STORIES

Share it