Kottayam Local

ജനമൈത്രി സുരക്ഷാ പദ്ധതിയ്ക്കു ജില്ലയില്‍ തുടക്കം

കോട്ടയം: സ്ത്രീകള്‍ക്ക് സ്വയം സുരക്ഷാ പരിശീലനം നല്‍കുന്ന ജനമൈത്രി സുരക്ഷാ പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം എംഡി സെമിനാരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ക്ക് കായിക പരിശീലനവും നിയമ പരിരക്ഷയും നല്‍കേണ്ടത് അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണ്ടത് പൊതു സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും കടമയാണ്. അവര്‍ക്കാവശ്യമായ പ്രാധാന്യവും പിന്തുണയും നല്‍കുന്നതിന്റെ ഭാഗമായാണ് റേഷന്‍ കാര്‍ഡ് കുടുംബനാഥയുടെ പേരില്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന അധ്യക്ഷത വഹിച്ചു. ജില്ലാ പോലിസ് മേധാവി എസ് സതീഷ് ബിനോ, തിരുവനന്തപുരം പോലിസ് ട്രെയിനിങ് കോളജ് പ്രന്‍സിപ്പല്‍ അജിതാബീഗം, അസി. കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കൗണ്‍സിലര്‍ ഗോപകുമാര്‍, പോലിസുദ്യോഗസ്ഥരായ എസ് രാജേന്ദ്രന്‍, ടി എ ആന്റണി, കെ എ രമേശന്‍, മുഹമ്മദ് കബീര്‍ റാവുത്തര്‍, എന്‍ ഫിലോമിന, ഹെഡ്മാസ്റ്റര്‍ ഫിലിപ് വര്‍ഗ്ഗീസ് സംസാരിച്ചു. പോലിസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍ പദ്ധതി വിശദീകരിച്ചു.
ജില്ലയിലെ പരിശീലനത്തിനു നേതൃത്വം നല്‍കുന്നതിന് മാസ്റ്റര്‍ ട്രെയിനര്‍മാരായി തിരഞ്ഞെടുത്ത 36 വനിതകള്‍ക്കുള്ള തീവ്ര പരിശീലനം കഴിഞ്ഞ അഞ്ചു ദിവസമായി എംഡി സെമിനാരി സ്‌കൂളില്‍ നടന്നുവരികയായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരും വനിതാ സിവില്‍ പോലിസുകാരുമടങ്ങിയ ഈ സ്ത്രീ സ്വയം പ്രതിരോധ പരിശീലന ടീമിന്റെ ഡെമോണ്‍സ്‌ട്രേഷനും ചടങ്ങില്‍ സംഘടിപ്പിച്ചു. പൊതു സ്ഥലങ്ങളിലും ബസ്സിലും വീട്ടിലും സ്ത്രീകള്‍ക്കു നേരെയുണ്ടാകാവുന്ന ആക്രമണങ്ങളെ ഞൊടിയിടയില്‍ പ്രതിരോധിച്ച് രക്ഷനേടുന്നതിന് ഇവര്‍ പരിശീലിച്ച പ്രായോഗിക വിദ്യകളാണ് ചടങ്ങില്‍ അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it