kannur local

ജനമനസ്സ് തങ്ങളോടൊപ്പമാക്കാന്‍ കഠിനശ്രമം; പ്രചാരണം തീരാന്‍ മണിക്കൂറുകള്‍ മാത്രം

കണ്ണൂര്‍: കത്തുന്ന വെയിലിനെ തോല്‍പ്പിക്കുമാറ് ഉയര്‍ന്ന തിരഞ്ഞെടുപ്പ് പ്രചാരണചൂട് ശമിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനമനസ്സ് തങ്ങളോടൊപ്പമാക്കാനുള്ള കഠിനശ്രമത്തിലാണ് അവസാന നിമിഷത്തിലും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും. ആരോപണവും പ്രത്യാരോപണവും ട്രോളും മറുട്രോളുമൊക്കെയായി ഉല്‍സവാന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത്. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവും നരേന്ദ്രമോദിയുടെ സോമാലിയ പ്രയോഗവും എല്‍ഡിഎഫ്-യുഡിഎഫ് പരസ്യ വാചകവുമൊക്കെ പ്രചാരണായുധങ്ങളായി പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉപയോഗിച്ചു. അഴീക്കോട്ട് കിണറും കിണറ്റിന്‍കരയും സാമുഹികമാധ്യങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് പടവുകളായി.
പിണറായി വിജയനുവേണ്ടി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങളും ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ നടന്‍ ജയറാം പിണറായിക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങയതും വോട്ടര്‍മാര്‍ക്ക് കാണേണ്ടിവന്നു. ദേശീയ നേതാക്കളായ എ കെ ആന്റണിയും ഗുലാംനബി ആസാദുമൊക്കെ കോണ്‍ഗ്രസിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോള്‍ യെച്ചൂരിയും ദേവഗൗഡയും വൃന്ദ കാരട്ടുമൊക്കെ ഇടതുപക്ഷ പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ നാടൊട്ടുക്ക് പാഞ്ഞെത്തി. ഹൈദരലി ശിഹാബ് തങ്ങളും ഇ ടി മുഹമ്മദ് ബഷീറും സമദാനിയും കുഞ്ഞാലിക്കുട്ടിയുമെല്ലാം ലീഗ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
എസ്ഡിപിഐ ദേശീയസമിതിയംഗം മൊയ്തീന്‍കുട്ടി ഫൈസി എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങി. അമിത്ഷായും സദാനന്ദ ഗൗഡയുമൊക്കെ ബിജെപിയുടെ സാന്നിധ്യമായി. സിനിമാ നടന്‍മാര്‍ വിവിധ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി കൂട്ടമായി ഇറങ്ങിയതും തിരഞ്ഞെടുപ്പിലെ കാഴ്ചയായിരുന്നു. നാളെ വൈകീട്ടോടെ പരസ്യപ്രചാരണത്തിന് തിരശ്ശീലയിടണം.
തുടര്‍ന്ന് അടിയൊഴുക്കുകള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ നിശബ്ദപ്രചാരണം നടത്തും.—— കണ്ണൂരില്‍ 11 മണ്ഡലങ്ങളിലായി മല്‍സര രംഗത്തുള്ളത് 87സ്ഥാനാര്‍ഥികളാണ്. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. 11 പേരാണിവിടെ ജനവിധി തേടുന്നത്. ഏറ്റവും കുറവ് പയ്യന്നൂരിലാണ്-4 സ്ഥാനാര്‍ഥികള്‍. സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ കെ കെ ശൈലജ, ഇ പി ജയരാജന്‍, മന്ത്രിമാരായ കെ സി ജോസഫ്, കെ പി മോഹനന്‍, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍കടന്നപ്പള്ളി, മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ്, എസ്ഡിപിഐ ജില്ലാപ്രസിഡന്റ് കെ കെ അബ്ദുല്‍ജബ്ബാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, ഡിവൈഎഫ്‌ഐ നേതാക്കളായ എ എന്‍ ഷംസീര്‍, ബിനോയ്കൂര്യന്‍ തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.—
കൊട്ടിക്കലാശം: പോലിസില്‍ നിന്ന് അനുമതി വാങ്ങണം
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യ ്രപചാരണം 14ന് വൈകീട്ട് അഞ്ചിനു അവസാനിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അവസാനഘട്ട പ്രചാരണ റാലികള്‍ നടത്തുന്നതിന് ബന്ധപ്പെട്ട പോലിസ് അധികാരികളില്‍ നിന്ന് അനുമതി വാങ്ങണം. നിര്‍ദേശിക്കുന്ന സ്ഥലത്ത് മാത്രം റാലികള്‍ നടത്തണം. പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ അമിതാവേശം മൂലം മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ്രപചാരണത്തിന് തടസ്സമുണ്ടാക്കാന്‍ പാടില്ല. ചെറിയ പ്രശ്‌നം പോലും പെരുപ്പിച്ച് വലിയ സംഘട്ടനത്തിലേക്ക് നയിക്കാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും നടപടി സ്വീകരിക്കണം. പ്രചാരണം നിയന്ത്രിക്കുവാന്‍ നിയോഗിക്കപ്പെടുന്ന പോലിസുകാരുമായി സഹകരിക്കുകയും അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.—
Next Story

RELATED STORIES

Share it