ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണം: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: കൂണുകള്‍ പോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊട്ടിമുളയ്ക്കുന്നത് തടയാന്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ ആവശ്യപ്പെട്ടു. വ്യക്തികളുടെ പേരില്‍ തോന്നിയതു പോലെ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുന്നതിനുള്ള മൗലികാവകാശം ഭരണഘടന ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഴിമതി രഹിത സമൂഹവും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ. ഓരോരുത്തര്‍ക്കും എടുത്തുവച്ച് കളിക്കാന്‍ പറ്റിയതല്ല രാഷ്ട്രീയം. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പല പാര്‍ട്ടികളുടെയും പേരു പോലും ആര്‍ക്കുമറിയില്ല. ഇതിനെയെല്ലാം നമ്മള്‍ ചുമക്കേണ്ട കാര്യമില്ല. ജാതിയുടെയും മതത്തിന്റെയും മറ്റ് സങ്കുചിത താല്‍പര്യങ്ങളുടെയും പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കുന്നത് അനുവദിക്കാന്‍ പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതിക്കും മതത്തിനും അതീതമായിരിക്കണം. മതനേതാക്കളുടെ സങ്കുചിത കാഴ്ചപ്പാടിനൊപ്പം പോവേണ്ടതല്ല രാഷ്ട്രീയം. ജനങ്ങളുടെ മനസ്സില്‍ മതസ്പര്‍ധയുണ്ടാക്കുന്നവര്‍ ക്രിമിനലുകളാണ്.
കേരളത്തില്‍ വോട്ടുമറിക്കലിന്റെയും കാലുവാരലിന്റെയും കാലം കഴിഞ്ഞെന്നും കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. ജോസഫ് പേട്ട രചിച്ച രാഷ്ട്രീയനീതി അഥവാ ജനാധിപത്യംഎന്ന പുസ്തകം ജോണ്‍ ജോസഫിന് നല്‍കി കെമാല്‍ പാഷ പ്രകാശനം ചെയ്തു. അഡ്വ. എം ആര്‍ രാജേന്ദ്രന്‍ നായര്‍, ടി വി ലൂക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it