ജനപ്രതിനിധികളെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ജനപ്രതിനിധികളുടെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയില്‍ ആരോപണവിധേയരായ മന്ത്രിമാരെയും എം. എല്‍. എമാരെയും കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ജന്രപതിനിധികളില്‍ പലരും അനധികൃത സ്വത്തുസമ്പാദനം പതിവാക്കിയതായും ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഹരിതസേന സംഘടന പ്രസിഡന്റ് വി ടി പ്രദീപ്കുമാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.

അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ നിവേദനത്തില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ജനപ്രതിനിധികളെ കക്ഷിചേര്‍ക്കാനാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. 2006ല്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ആ വര്‍ഷവും പിന്നീട് 2011ലും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പട്ടികയിലെ സ്വത്തുവിവരങ്ങള്‍ തമ്മില്‍ വന്‍ അന്തരമുള്ളതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹരജി വെള്ളിയാഴ്ച പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനുവേണ്ടി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ബാബു വര്‍ഗീസ് ഹാജരായി. ഹരജിയിലും പരാതിയിലും പറയുന്നതുപോലെ 85 എം. എല്‍. എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കോടതി പറഞ്ഞു. മന്ത്രിമാരും എം.എല്‍.എമാരുമായ ഒമ്പതുപേരുടെ വിവരം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുമുണ്ട്.

മന്ത്രിമാരായ കെ എം മാണി, അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, അടൂര്‍ പ്രകാശ്, എം. എല്‍. എമാരായ തോമസ് ചാണ്ടി, വിഷ്ണുനാഥ്, പി. സി ജോര്‍ജ്, സാജുപോള്‍, എ കെ ബാലന്‍ തുടങ്ങിയവരുടെ പേരുകളാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും കോടതിയിലും സമര്‍പ്പിച്ച ഹരജികളില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍, ഹരജിയില്‍ ഇവരെ കക്ഷിചേര്‍ക്കാതെ സര്‍ക്കാരിനെയും വിജിലന്‍സ് ഡയറക്ടറെയും മാത്രമാണ് കക്ഷിചേര്‍ത്തിട്ടുള്ളതെന്നു കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it