palakkad local

ജനദ്രോഹനയങ്ങളിലൂടെ സര്‍ക്കാരുകള്‍ ജനജീവിതം ദുരിതത്തിലാക്കി: കെ ഇ ഇസ്മയില്‍

ശ്രീകൃഷ്ണപുരം: വിലക്കയറ്റംകൊണ്ട് സാധാരണക്കാര്‍ പൊറുതിമുട്ടുമ്പോള്‍ ജനദ്രോഹ നയങ്ങളിലുടെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് മേല്‍ ദുരിത തീമഴ പെയ്യിക്കുകയാണെന്ന് മുന്‍ മന്ത്രി കെ ഇ ഇസ്മായില്‍. എല്‍ഡിഎഫ് കരിമ്പുഴ പഞ്ചായത്ത് കണ്‍വന്‍ഷന്‍ കൂട്ടിലക്കടവ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപ്പ്, ഉഴുന്ന്, ഉള്ളി എന്നിവയുടെ വില ഇടത്തരക്കാര്‍ നിശ്ചയിക്കുമ്പോള്‍ കേന്ദ്ര ഭരിക്കുന്നവര്‍ അതിലൊന്നും ശ്രദ്ധിക്കാതെ ദലിതുകളേയും മത ന്യൂനപക്ഷങ്ങളേയും ആസൂത്രിതമായി കൊന്നൊടുക്കുകയാണ്. പിന്നോക്ക സമുദായങ്ങളെ ദ്രോഹിക്കുകയും അവര്‍ ഇന്ത്യ വിട്ടുപോകണമെന്നും പറയുന്ന ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ് മോഡി ചെയ്യുന്നത്. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാതെ ലോകം ചുറ്റികാണുന്ന മോഡിയുടേത് ഇന്ത്യയുടെ സമ്പത്ത് മറ്റുള്ളവര്‍ക്ക് തീറെഴുതുന്ന നയമാണെന്നും അദ്ദേഹം പരിഹസിച്ചു. കോച്ച് ഫാക്ടറി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നു.
സര്‍ക്കാരുകള്‍ പൊതുവിതരണ സമ്പ്രദായം പൂര്‍ണ്ണമായും ഇല്ലാതാക്കി സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കി മാറ്റി. പച്ചക്കറികള്‍ക്ക് പൊള്ളുന്ന വിലയാണെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാതെ ഇടനിലക്കാര്‍ കൊള്ളലാഭം എടുക്കുന്നതിന് ചെറുവിരലനക്കാന്‍ പോലും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാചകവാതക വിലയും ഡീസല്‍ വിലയും കുറഞ്ഞിട്ടും പൊതുവിപണിയില്‍ ഇടപെടാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂഴ്ത്തിവയ്പ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കുടപിടിക്കുകയാണ്. ക്ഷേമപെന്‍ഷനുകള്‍ കൊടുക്കുന്നില്ല.— നെല്ല് സംഭരണത്തിന്റെ പേരിലും കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്, മണ്ഡലം സെക്രട്ടറി വി പി ജയപ്രകാശ്, സിപിഎം ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറി എന്‍ ഹരിദാസന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it