ജനത പരിവാര്‍ പാര്‍ട്ടികളുടെ ലയനം അജണ്ടയിലില്ല: ഡാനിഷ് അലി

കൊച്ചി: ജനത പരിവാര്‍ പാര്‍ട്ടികളുടെ ലയനം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് ജനതാദള്‍(സെക്യുലര്‍) ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികളുടെ ഇടതു മതേതര ജനാധിപത്യ കൂട്ടായ്മയുണ്ടാക്കുകയെന്നാണ് ജനതാദള്‍ (സെക്യുലര്‍) ന്റെ നിലപാട്. ജനത പരിവാര്‍ പാര്‍ട്ടികളുടെ ലയനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തേണ്ടത് പാര്‍ട്ടികളുടെ ദേശീയ നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനത പരിവാര്‍ പാര്‍ട്ടികളുടെ ലയനമെന്ന ലക്ഷ്യത്തിനായി ബിഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ആറ്, ഏഴ് തവണ യോഗങ്ങള്‍ നടന്നെങ്കിലും ലയനം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്പി, ജെഡിയു, ജെഡിഎസ്, എസ്‌ജെപി, ഇന്ത്യന്‍ നാഷ്‌നല്‍ ലോക്ദള്‍, ആര്‍ജെഡി എന്നീ ആറു പാര്‍ട്ടികളുടെ യോഗമാണ് നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ (എസ്) ഇടതു ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും കേരളത്തിലെ ജനത പരിവാറിന്റെ പിന്തുടര്‍ച്ചക്കാരായ ജെഡിഎസ് എല്‍ഡിഎഫില്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ പ്രവണതയെ പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ഭരണ കക്ഷിയായ ബിജെപി സ്വീകരിച്ചിരിക്കുന്നത്. പുതിയ രൂപത്തിലുള്ള ഫാഷിസമാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണമെന്ന് നിശ്ചയിക്കുന്ന തലത്തിലേക്ക് ഫാഷിസ്റ്റ് ശക്തികള്‍ വളരുകയാണ്. ഈ വളര്‍ച്ച സൃഷ്ടിക്കുന്ന അസഹിഷ്ണുതയില്‍ നിന്നാണ് ആമിര്‍ ഖാനെപ്പോലുള്ളവര്‍ അഭിപ്രായപ്രകടനം നടത്തിയത്. ആമിര്‍ ഖാന്റെ അഭിപ്രായത്തെ രാജ്യം മുഴുവന്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it