ജനതാ പരിവാര്‍ കക്ഷികളുടെ ലയനം നിര്‍ണായകഘട്ടത്തില്‍

ന്യൂഡല്‍ഹി: ജനതാ പരിവാര്‍ കക്ഷികളുടെ ലയനനീക്കം നിര്‍ണായകഘട്ടത്തില്‍. ജെഡിയുവിന്റെ പുതിയ അധ്യക്ഷനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ചുമതലയേല്‍ക്കുന്നതോടെ ലയനപ്രക്രിയക്ക് ആക്കംകൂടും. ജെഡിയു ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്. യോഗത്തില്‍ ജെഡിയു അധ്യക്ഷനായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും.
ജെഡിയുവിനെ കൂടാതെ അജിത് സിങിന്റെ രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി), കമാല്‍ മൊറാര്‍ക്കയുടെ സമാജ്‌വാദി ജനതാ പാര്‍ട്ടി, ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് ലയിച്ച് ഒറ്റക്കക്ഷിയാവുന്നത്. നിതീഷ് ഈ കക്ഷികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതോടെ ലയനപ്രക്രിയ അന്തിമഘട്ടത്തിലെത്തും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ പാര്‍ട്ടിയെ കരുത്തുറ്റതാക്കാനാണു നീക്കം. നിതീഷിനെ മുന്‍നിര്‍ത്തി ബിജെപിക്കെതിരേ വിവിധ പാര്‍ട്ടികളെ അണിനിരത്തി ബദല്‍ കെട്ടിപ്പടുക്കുകയാണ് പുതിയ പാര്‍ട്ടിയുടെ ലക്ഷ്യം. ജെഡിയു ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ശരത്‌യാദവ് പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയും.
ഈ മാസം 23ന് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം പട്‌നയില്‍ വിളിച്ചുകൂട്ടിയിട്ടുണ്ട്. ലയനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗം നിതീഷിനെ ചുമതലപ്പെടുത്തുമെന്ന് ജെഡിയുവിന്റെ മുതിര്‍ന്ന ഭാരവാഹി പറഞ്ഞു.ലയിക്കാനൊരുങ്ങുന്ന കക്ഷികളുടെ നേതാക്കള്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടിരുന്നു. ലയിക്കുന്ന കക്ഷികള്‍ ലയനത്തെ പിന്തുണച്ച് മണ്ഡലംതലത്തില്‍ പ്രമേയം പാസാക്കണമെന്ന് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കമാല്‍ മൊറാര്‍ക്ക, തന്റെ പാര്‍ട്ടിയുടെ നിര്‍വാഹക സമിതി യോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. മറ്റ് കക്ഷികളുടെ നിര്‍വാഹക സമിതി യോഗങ്ങളും ഈ മാസം തന്നെ നടക്കും. പുതിയ രാഷ്ട്രീയ കക്ഷിക്ക് അരയാല്‍ ചിഹ്നമായി ലഭിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
മൊറാര്‍ക്കയുടെ പാര്‍ട്ടിയുടെ ചിഹ്നമാണ് ഇപ്പോള്‍ ഈ ചിഹ്നം. ഡോ. റാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന പഴയ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നം അരയാല്‍ ആയിരുന്നു.
Next Story

RELATED STORIES

Share it