wayanad local

ജനതാദള്‍ (യു) സിപിഎമ്മുമായി അടുക്കുന്നു; ബാങ്ക് തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മല്‍സരിക്കും

കല്‍പ്പറ്റ: ലോക്‌സഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ 2009ല്‍ എല്‍ഡിഎഫ് വിട്ട ജനതാദള്‍ (യു) വീണ്ടും സിപിഎമ്മുമായി അടുക്കുന്നു.
സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെയും മകനും എംഎല്‍എയുമായ എം വി ശ്രേയാംസ്‌കുമാറിന്റെയും തട്ടകമായ കല്‍പ്പറ്റയിലെ പ്രധാന സ്ഥാപനമായ കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചു മല്‍സരിക്കാന്‍ ധാരണയായി.
ഇടതുമുന്നണിയില്‍ സിപിഎമ്മിനൊപ്പമുള്ള സിപിഐയെ വെട്ടിക്കൊണ്ടാണ് കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ പുതിയ മുന്നണി ബന്ധം. കോണ്‍ഗ്രസ്സും ലീഗും ജനതാദള്‍ (യു)വും ഒറ്റക്കെട്ടായി മല്‍സരിക്കണമെന്ന യുഡിഎഫ് ധാരണ ലംഘിച്ചാണ് ജനതാദള്‍ മറുകണ്ടം ചാടിയത്. ഒമ്പതംഗ ബാങ്ക് ഭരണസമിതിയില്‍ മൂന്നു സീറ്റുകളാണ് സിപിഎം ജനതാദളിന് കൊടുക്കുന്നത്.
അതേസമയം, ബാങ്ക് ഭരണസമിതിയില്‍ ഒരു സീറ്റില്‍ പതിവായി മല്‍സരിച്ച് വിജയിച്ചിരുന്ന സിപിഐക്ക് ഇത്തവണ പുതിയ ബാന്ധവത്തെ തുടര്‍ന്ന് സിപിഎം സീറ്റ് നിഷേധിച്ചു. സിപിഐ പ്രതിനിധിയായി ബാങ്ക് ഭരണസമിതിയിലുണ്ടായിരുന്ന ടി സുരേഷ് ചന്ദ്രന്‍ സിപിഎമ്മില്‍ ചേര്‍ന്നതിനാല്‍ സിപിഐക്ക് സീറ്റില്‍ അവകാശമില്ലെന്ന വിചിത്ര ന്യായമാണ് നിരത്തുന്നതെന്നു സിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് ഭരണം ഏകപക്ഷീയമായി പിടിച്ചെടുക്കുന്നതിനായി തയ്യാറാക്കിയ വോട്ടര്‍പ്പട്ടികയില്‍ സിപിഎം പക്ഷക്കാരും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചവര്‍ പോലുമുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
അംഗത്വ പട്ടികയില്‍ ഉണ്ടായിരുന്നവരും ഒഴിവാക്കപ്പെട്ടവരുമായ ഇടപാടുകാര്‍ക്ക് രേഖാ മൂലമുള്ള അറിയിപ്പ് പോലും കൊടുക്കാതെയാണ് നീക്കം ചെയ്തിട്ടുള്ളത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രക്രിയ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ സഹകരണ രജിസ്ട്രാര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതിനിടെ, സീറ്റ് നിഷേധിക്കപ്പെട്ട സിപിഐ സ്വന്തം നിലയില്‍ മല്‍സരിക്കാന്‍ ഒരുങ്ങി പത്രിക നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it