kozhikode local

ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടരുത്: ആക്ഷന്‍ കമ്മിറ്റി

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന്സ്ഥലം ഏറ്റെടുക്കാനായി സര്‍ക്കാറില്‍ നിന്ന് ലഭിച്ച 39 കോടിയില്‍ നാല് കോടി രൂപ സര്‍ക്കാര്‍ ഭൂമിക്ക് മതില്‍ കെട്ടാനും പത്തു കോടി രൂപ മലാപ്പറമ്പ് ജങ്ഷന്‍ വിപുലീകരിക്കാനും മാറ്റിവയ്ക്കാന്‍ ആക്ഷന്‍ കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു.
ബാക്കിയുള്ള 25 കോടി രൂപ ഉപയോഗിച്ച് ഏറ്റവും തിരക്കുള്ളതും ഇരുഭാഗത്തേക്കും വാഹനഗതാഗതമുള്ളതും അപകടമേഖലയായി പ്രഖ്യാപിച്ച് ബോര്‍ഡ് വച്ചതുമായ പാറോപ്പടി വളവും നടക്കാവ് ജിഎല്‍പിഎസ് മുതല്‍ സല്‍ക്കാര ഹോട്ടല്‍ വരെയുള്ള കിഴക്കെ നടക്കാവ് ഭാഗവും ഏറ്റെടുക്കണമെന്നും പറഞ്ഞു.
ഇവിടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 90 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ അധികൃതര്‍ ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുകയും സാഡിസ്റ്റ് മനോഭാവം വച്ചുപുലര്‍ത്തുകയുമാണെന്ന് കമ്മിറ്റി ആരോപിച്ചു.
ലൈറ്റ് മെട്രോ പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിക്കാമെന്നിരിക്കെ പ്രസ്തുത റൂട്ടിലുള്ള മാനാഞ്ചിറ ഡിഡിഇ ഓഫിസ് പരിസരം മുതല്‍ മാവൂര്‍ റോഡ് ജങ്ഷന്‍ വരെ ഡയരക്ട് പര്‍ച്ചേഴ്‌സ് വ്യവസ്ഥയില്‍ വിട്ടുകൊടുത്തതുള്‍പ്പെടെയുള്ള സ്ഥലം ഇപ്പോള്‍ കലക്ടറുടെ അക്കൗണ്ടിലുള്ള തുക ഉപയോഗിച്ച് ഏറ്റെടുക്കുമെന്ന വാര്‍ത്ത പത്രത്തില്‍ നല്‍കിയ ജില്ലാ ഭരണകൂടത്തിന്റെ നിലപാട് ജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ്.
മുന്‍കൂര്‍ അനുവാദം ലഭിച്ച സ്ഥലങ്ങള്‍ക്കുപകരം തര്‍ക്കമുള്ള സ്ഥലം ഏറ്റെടുക്കുമെന്ന് പറയുന്നത് ഈ തുക ഉടന്‍ ഉപയോഗിക്കാതിരിക്കാനുള്ള അടവ് കൂടിയാണ്. മന്ത്രി എം കെ മുനീറും എംപിയും എംഎല്‍എയും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it