malappuram local

ജനകീയ സംരംഭങ്ങളെ ശക്തിപ്പെടുത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: ജനകീയ സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും ഇതിനായി കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വേങ്ങരയില്‍ സംഘടിപ്പിച്ച പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ, ശുചിത്വമിഷന്‍ പോലുള്ള മാതൃകാ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ത്രിതല പഞ്ചായത്തുകളും സര്‍ക്കാറും മുന്‍കൈയ്യെടുക്കണം. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും വികസനത്തിന് ജനകീയ കൂട്ടായ്മയുണ്ടാക്കി ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരന്‍ മുഖ്യപ്രഭാഷണം നടത്തി.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലന്‍ കുട്ടി, ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലം, വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം എന്‍ ടി മൈമൂന, ഗ്രാമപ്പഞ്ചായത്ത് അംഗം ഐ സി ചാത്തന്‍ കുട്ടി, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ എ എം തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഐസക്ക് ഈപ്പന്‍, കോഴിക്കോട് ആകാശവാണി പ്രോഗ്രാം മേധാവി എസ് മീരാറാണി, ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫിസര്‍ എല്‍ സി പൊന്നുമോന്‍, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ഓഫീസര്‍ ഉദയകുമാര്‍ സംസാരിച്ചു.
സ്വച്ഛ ഭാരതം- മാലിന്യ മുക്ത കേരളം വിഷയത്തില്‍ ടി പി ഹൈദരലി പ്രഭാഷണം നടത്തി. തുടര്‍ന്ന് സോങ് ആന്‍ഡ് ഡ്രാമാ വിഷന്‍, കോഴിക്കോട് ആകാശവാണി എന്നിവയുടെ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. 'സുരക്ഷിത ഭക്ഷണം' വിഷയത്തില്‍ മഞ്ചേരി യൂനിറ്റി വിമണ്‍സ് കേളജിലെ എ എസ് അനിതാ ബീഗം ക്ലാസെടുത്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി പരസ്യ-ദൃശ്യ പ്രചാരണ വിഭാഗം, സോങ് ആന്‍ഡ് ഡ്രാമാ വിഷന്‍, ഐ-പിആര്‍ഡി, ദൂരദര്‍ശന്‍, ആകാശവാണി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര ഗ്രാമപ്പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കേന്ദ്ര- സംസ്ഥാന വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മൂന്ന് ദിവസത്തെ പൊതുജന സമ്പര്‍ക്ക പരിപാടി നടത്തുന്നത്.
Next Story

RELATED STORIES

Share it