wayanad local

ജനകീയ മുന്നേറ്റങ്ങളുടെ ഓര്‍മ പുതുക്കി വര്‍ഗീസ് രക്തസാക്ഷിത്വ ദിനാചരണം

മാനന്തവാടി: വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വര്‍ഗീസിന്റെ 47ാം രക്തസാക്ഷിദിനം മാനന്തവാടിയിലും തിരുനെല്ലിയിലും തലപ്പുഴയിലുമായി ആചരിച്ചു. പോരാട്ടം പ്രവര്‍ത്തകര്‍ തലപ്പുഴയില്‍ നടത്തിയ രക്തസസാക്ഷിത്വ ദിനാചരണം സംസ്ഥാന ചെയര്‍മാന്‍ എം എന്‍ രാവുണ്ണി ഉദ്ഘാടനം ചെയ്തു. യഥാര്‍ഥ മാവോയിസം നടപ്പാക്കാന്‍ ശ്രമിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് പോരാട്ടം പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഷാന്റോ ലാല്‍ അധ്യക്ഷത വഹിച്ചു.
സി എ അജിതന്‍, അഭിലാഷ്, എം ഗൗരി സംസാരിച്ചു. തുടര്‍ന്ന് ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകര്‍ തെരുവ് നാടകവും കലാപരിപാടികളും അവതരിപ്പിച്ചു. കനത്ത പോലിസ് നിരീക്ഷണത്തിലാണ് പരിപാടികള്‍ നടന്നത്. സിപിഐ (എംഎല്‍- റെഡ് ഫഌഗ്)ന്റെ നേതൃത്വത്തില്‍ ഒഴുക്കന്മൂലയിലെ വര്‍ഗീസ് ശവകുടീരത്തിലും തിരുനെല്ലി കൂമന്‍കൊല്ലി വര്‍ഗീസ് പാറയിലും പ്രഭാതഭേരി മുഴക്കി പതാക ഉയര്‍ത്തി.
ബുധനാഴ്ച വൈകീട്ട് ഗാന്ധിപാര്‍ക്കില്‍ നടന്ന വര്‍ഗീസ് അനുസ്മരണ യോഗം റെഡ് ഫഌഗ് അഖിലേന്ത്യ സെക്രട്ടറി എം എസ് ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് വര്‍ണ വിവേചനം നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയിലേതു പോലെ അപ്പാത്തീഡ് രാജ്യം സ്ഥാപിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷ ചിന്താധാരകള്‍ ഒരുമിക്കേണ്ട അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുന്നേല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍, ദേശ് ബെന്‍ സോഡെ, ബസവലിംഗപ്പ,
എം കെ തങ്കപ്പന്‍, ടി വി വിജയന്‍, പി കെ വേണുഗോപാല്‍, സലീംകുമാര്‍ സംസാരിച്ചു. സിപിഐ (എംഎല്‍) മാനന്തവാടി ടൗണില്‍ പ്രകടനവും ഗാന്ധിപാര്‍ക്കില്‍ അനുസ്മരണ യോഗവും സംഘടിപ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗം പി ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ദേശാഭിമാനികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ കാലത്ത് ബ്രിട്ടന് പാദസേവ ചെയ്ത ആര്‍എസ്എസ്, മോദി അധികാരത്തിലെത്തിയപ്പോള്‍ വിദ്യാര്‍ഥികളെയും ജനാധിപത്യ ശക്തികളെയും ദേശവിരുദ്ധ ചാപ്പ കുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സാം പി മാത്യു അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍, രാമനുണ്ണി, പി എം ജോര്‍ജ്, കെ നസ്‌റുദ്ദീന്‍, എ ജെ റെജി സംസാരിച്ചു.
Next Story

RELATED STORIES

Share it