kannur local

ജനകീയ പ്രതിഷേധം: അനധികൃത ക്വാറി അടച്ചിടാന്‍ ധാരണ

പാനൂര്‍: ബഹുജന പ്രധിഷേധത്തെ തുടര്‍ന്ന് അനധികൃത ക്വാറി അടച്ചിടാന്‍ ധാരണ. ചിറ്റക്കരയിലെ ക്വാറിയാണ് അടച്ചത്. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ ബഹുജന മാര്‍ച്ചിന് ശേഷം നടന്ന ചര്‍ച്ചയിലാണ് തല്‍ക്കാലികമായി അടച്ചിടാന്‍ ധാരണയായത്. ജനകീയ സമിതി നേരത്തേ ക്വാറികളില്‍ വസ്തുതാന്വേഷണം പഠനം നടത്തിയിരുന്നു. ഇതില്‍ ചിറ്റക്കരയിലെ ക്വാറി അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു.
500 മീറ്റര്‍ പരിധിയില്‍ വീടുകള്‍ ഉള്ളിടത്താണ് നിലവില്‍ ക്വാറി പ്രവര്‍ത്തിക്കുന്നത്. വസ്തുത പഠനത്തിന് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. ചെണ്ടയാട് പാടാന്റെ താഴെയും വസ്തുത പഠനം നടത്തിയിരുന്നു. പഠന റിപോര്‍ട്ട് 13ന് കലക്ടര്‍ക്ക് കൈമാറും.
പരിസ്ഥിതി പ്രവര്‍ത്തകരായ ഭാസ്‌കരന്‍ വെള്ളൂര്‍, ജെയ്‌സണ്‍ ഡൊമിനിക്ക്, ജനകീയ സമിതി നേതാക്കളായ ഇ മനീഷ്, എം പി പ്രകാശന്‍, ക്വാറി ഉടമകളായ രാഗേഷ്, രാജീവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ പൊയ്‌ലൂര്‍ മഠപ്പുര സമീപത്ത് അധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരേയും പ്രക്ഷോഭം തുടങ്ങാന്‍ ജനകീയ സമിതി തീരുമാനിച്ചിട്ടുണ്ട്.
വടക്കേ പൊയ്‌ലൂര്‍ യുപി സ്‌കൂളില്‍ നടന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗം കെ വി മനോഹരന്‍ ഉദ്ഘാടനം ചെയ്തു. എന്‍ സുശാന്ത് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it