ജനകീയ പോരാട്ടങ്ങളില്‍ നിന്ന് മന്ത്രി പദവിയിലേക്ക്

പി എച്ച് അഫ്‌സല്‍

തൃശൂര്‍: പരിസ്ഥിതി-ജനകീയ സമരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അഡ്വ. വി എസ് സുനില്‍കുമാര്‍ മന്ത്രി പദവിയിലേക്കെത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെ. വിദ്യാര്‍ഥി- യുവജന നേതാവായിരിക്കെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട് സുനില്‍കുമാര്‍. നിരവധി തവണ പോലിസിന്റെ ക്രൂരമര്‍ദ്ദനവും ജയില്‍ശിക്ഷയും അനുഭവിച്ചു. സംസ്ഥാനത്ത് ആദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പോലിസ് നടത്തിയ നരനായാട്ടില്‍ തലയ്ക്കു സാരമായി പരിക്കേറ്റ് മാസങ്ങളോളം ചികില്‍സയ്ക്കു വിധേയനായി. നവോദയ സമരം, പ്രീഡിഗ്രി ബോര്‍ഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കല്‍ കോളജ് സമരം എന്നിവയുടെ മുന്നണി പോരാളിയായി.
ബാലവേദിയിലൂടെ പ്രവര്‍ത്തിച്ച് എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും സംസ്ഥാന സെക്രട്ടറി പദം വരെയെത്തി. 1998ല്‍ എഐഎസ്എഫ് ദേശീയ സെക്രട്ടറിയായി. 1967 മേയ് 30ന് അന്തിക്കാട് വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റെയും സി കെ പാര്‍വതിയുടെയും മകനായി ജനിച്ച വി എസ് സുനില്‍കുമാര്‍ നിലവില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്.
2006ല്‍ ചേര്‍പ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2011ല്‍ കയ്പമംഗലത്തുനിന്നു വിജയിച്ചു. പാര്‍ട്ടി നേതൃത്വത്തിലിരിക്കുമ്പോള്‍ ജനകീയ സമരങ്ങളില്‍ മുന്നണിപോരാളിയായ സുനില്‍കുമാര്‍ ജനപ്രതിനിധിയായിരിക്കുമ്പോള്‍ നിയമസഭയ്ക്കകത്തും ജനകീയ വിഷയങ്ങളില്‍ ശബ്ദമുയര്‍ത്തി.
ക്യൂബ, ചൈന, മോസ്‌കോ, വെനിസ്വേല, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തൃശൂര്‍ ശ്രീകേരളവര്‍മ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. അഡ്വ. രേഖ സുനില്‍കുമാറാണ് പത്‌നി. മകന്‍ നിരഞ്ജന്‍ കൃഷ്ണ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്.
Next Story

RELATED STORIES

Share it