kozhikode local

ജനകീയ ഡോക്ടര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി

പേരാമ്പ്ര: നിര്‍ധനരോഗികള്‍ക്ക് മരുന്നും വണ്ടിക്കൂലിയും നല്‍കിയ മനസ്സിന്റെ ഉടമ കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ കാര്‍ അപകടത്തില്‍ മരിച്ച, പേരാമ്പ്ര ബ്രദേഴ്‌സ് ആശുപത്രി ഉടമയും ദയ, മറ്റു സന്നദ്ധ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തുവന്ന ഡോ. ഒ മുഹമ്മദിന്റെ വിയോഗത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ശിഷ്യഗണങ്ങളും നാട്ടുകാരും സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആയിരങ്ങളെത്തി.
പാറോപ്പടിയിലെ വീട്ടില്‍ മൃതദേഹം ഒരു നോക്കുകാണാന്‍ പേരാമ്പ്രയില്‍ നിന്നും നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. ഡോ. മുഹമ്മദിന്റെ പരിചരണമേല്‍ക്കാത്തവര്‍ പേരാമ്പ്രയില്‍ വിരളമാണ്. മരണവാര്‍ത്തയറിഞ്ഞ് രാവിലെ തന്നെ ഡോക്ടറുടെ വസതിയിലേക്ക് ജനം എത്തിത്തുടങ്ങി. പേരാമ്പ്രയില്‍ 45 വര്‍ഷമായി ചികില്‍സ നടത്തിവരുന്ന ഡോക്ടര്‍ നിര്‍ധനരായ രോഗികളോട് ഫീസ് വാങ്ങിയിരുന്നില്ല. ഒപ്പം മരുന്നും യാത്രാക്കൂലിയും നല്‍കി ആശ്വസിപ്പിച്ച ജനകീയ ഡോക്ടറെന്ന ഖ്യാതി നേടുകയും ചെയ്തു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി പേരാമ്പ്രയില്‍ സൗകര്യമുള്ള കെട്ടിടം ലഭിക്കാത്തതിനെതുടര്‍ന്ന് തന്റെ ആശുപത്രിയില്‍ ദയ പാലിയേറ്റീവ് കെയര്‍ സെന്ററിന് സൗകര്യമൊരുക്കിക്കൊടുക്കാന്‍ വിശാലമനസ്സ് കാണിച്ചു. പിന്നീട് ദയയുടെ മുന്നണിപ്പോരാളിയായി കര്‍മരംഗത്ത് എന്നും ഒ മുഹമ്മദ് പ്രവര്‍ത്തിച്ചുവന്നു.
ദയയുടെ വളര്‍ച്ചക്കായി പ്രായത്തെ മറന്ന് പോലും വിദേശരാജ്യങ്ങളില്‍ എത്തി സാമ്പത്തിക വിജയത്തിനായി എന്നും ഡോക്ടറുടെ സേവനമുണ്ടായിരുന്നു.പാറോപ്പടിയില്‍ നിന്നും അന്ത്യദര്‍ശനം കഴിഞ്ഞ് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള കാഞ്ഞിരത്തിങ്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടത്തിയ മൃതദേഹത്തെ നൂറുകണക്കിനാളുകള്‍ അനുഗമിച്ചു. മയ്യിത്ത് നമസ്‌കാരത്തിന് നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ശിഷ്യഗണങ്ങളും ചടങ്ങില്‍ സംബന്ധിച്ചു. പേരാമ്പ്ര ദയയില്‍ ഇന്ന് രാവിലെ പത്തിന് അനുശോചന സമ്മേളനം നടക്കും.
Next Story

RELATED STORIES

Share it