Alappuzha local

ജനകീയ കലക്ടര്‍ പടിയിറങ്ങി

ആലപ്പുഴ: ജനകീയ കലക്ടര്‍ എന്‍ പത്മകുമാര്‍ ഐഎഎസ് പടിയിറങ്ങി. ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകമാവുന്ന പല പദ്ധതികളും നടപ്പാക്കിയാണ് വിടവാങ്ങല്‍.
ആലപ്പുഴയ്ക്ക് സ്വന്തം പാക്കേജ് വേണമെന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ അവസ്ഥ ഉണ്ടാവാതിരിക്കാന്‍ പാക്കേജ് നടത്തിപ്പിനായുള്ള സംവിധാനവും ആലപ്പുഴയില്‍ത്തന്നെ വേണം. ജില്ലയെ പിന്നോക്ക ജില്ലയായി പ്രഖ്യാപിച്ചാല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി മുഖേന വികസന കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. ഇത് സംബന്ധിച്ച് ജില്ലയിലെ ജനപ്രതിനിധികളോട് തന്റെ ആശയം പങ്കുവച്ചിരുന്നു. മിഷന്‍ വെനീസ് ഓഫ് ഈസ്റ്റ് എന്ന പേര് അതിന് അനുയോജ്യമാവും. അടിസ്ഥാനമേഖലയുടെ വികസനത്തിനൊപ്പം ടൂറിസം മേഖലയുടെ വികസനവും ഇതിലൂടെ സാധ്യമാവും-അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടറായി ചുമതലയേറ്റതിനുശേഷം കാര്‍ഷിക, വിവര സാങ്കേതിക, റവന്യൂ വിഭാഗങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നു. വീടില്ലാത്തവര്‍ക്കു ഭവനം നിര്‍മിച്ചു നല്‍കുന്ന ഭവനഭാരതം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞതാണ് ജില്ലയിലെ തന്റെ ഔദ്യോഗിക രംഗത്തെ മികച്ച നേട്ടമായി കണക്കാക്കുന്നത്. 14,000 പേര്‍ക്കാണു ജില്ലയില്‍ സ്വന്തമായി ഭൂമിയില്ലാത്തത്. 26,000പേര്‍ക്കു ഭവനങ്ങളുമില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച അപേക്ഷകള്‍ ഭവന നിര്‍മാണവുമായി ബന്ധപ്പെട്ടതായിരുന്നു.
ഏഴുമാസം പല വകുപ്പുകളുടെ ഫയലുകളില്‍ കുരുങ്ങിയ പദ്ധതി തന്റെ നിരന്തരമായ ഇടപെടലുകളിലൂടെയാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം അരൂക്കുറ്റിയില്‍ പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നടന്നിരുന്നു.
തരിശുകിടന്ന ചിത്തിര കായല്‍ കൃഷിയോഗ്യമാക്കിയതും ജില്ലയുടെ വടക്കന്‍ മേഖലയിലെ പൊക്കാളി പാടശേഖരങ്ങളില്‍ നെല്‍കൃഷി പുനഃരാരംഭിക്കാനായതും കാര്‍ഷിക മേഖലയിലെ നേട്ടങ്ങളായി. ഭവനഭാരതം പദ്ധതിയുടെ ലോഗോ പ്രകാശനവും ബ്രോഷന്‍ പ്രകാശനവും നടന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി എസ് ഉമേഷ്, സെക്രട്ടറി ജി ഹരികൃഷ്ണന്‍, ഭവന ഭാരതം പദ്ധതി നോഡല്‍ ഓഫിസര്‍ രാജീവ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. കലക്ടര്‍ക്കുള്ള പ്രസ് ക്ലബ്ബിന്റെ ഉപഹാരവും ചടങ്ങില്‍ സമ്മാനിച്ചു.
Next Story

RELATED STORIES

Share it