kannur local

ജനകീയോല്‍സവമായി ഉദ്ഘാടനം; പുറത്ത്പ്രതിഷേധം

ഇരിട്ടി: മലയോര ജനതയുടെ വികസന സ്വപ്‌നങ്ങള്‍ക്കും ജില്ലയിലെ വൈദ്യുതി സ്വയം പര്യാപ്തതയ്ക്കും നിറം പകര്‍ന്ന് ബാരാപോള്‍ 15 മെഗാവാട്ട് വൈദ്യുത പദ്ധതി ഉദ്ഘാടനം മലയോരത്തിന്റെ ജനകീയോല്‍സവമായി മാറി. പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചിത സമയത്തിനു ഒരു മണിക്കൂര്‍ വൈകിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും പാലത്തിന്‍കടവിലെത്തിചേര്‍ന്നത്.
മട്ടന്നൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ പറക്കല്‍ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയെയും വഹിച്ചു കൊണ്ടുള്ള ഹെലികോപ്റ്റര്‍ പാലത്തിന്‍കടവിലെ താല്‍കാലിക ഹെലിപാഡിനു സമീപം എത്തിയപ്പോള്‍ തന്നെ കുന്നിന്‍ മുകളിലും റോഡരികിലും തടിച്ചു കൂടിയ നൂറുകണക്കിനാളുകള്‍ ഹാര്‍ഷാരവവും മുദ്രാവാക്യം വിളികളും തുടങ്ങിയിരുന്നു സംഘാടകരുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു വന്‍ ജനക്കൂട്ടമാണെത്തിയത്. കര്‍ണാടക വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ മാവോവാദി ഭീഷണി കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് നിയമപാലകര്‍ ഒരുക്കിയത്. ഇരിട്ടി ഡിവൈഎസ്പി പി സുകുമാരന്‍, ഡിസിആര്‍ഡി ഡിവൈഎസ്പി പി ലോറന്‍സ്, സിഐ വി വി മനോജ്, വി ലതീഷ്, പി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘവും തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളും എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും നിലയുറപ്പിച്ചിരുന്നു. അതേസമയം, സോളാര്‍ കോഴക്കേസില്‍ ആരോപണവിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടികളുമേന്തി എല്‍ഡിഎഫും ഡിവൈഎഫഐയും പ്രതിഷേധ കൂട്ടായ്മ നടത്തി. കടച്ചേരിക്കടവില്‍ നടന്ന പ്രതിഷേധ കൂട്ടായ്മക്ക് ടി കൃഷ്ണന്‍, ഏരിയാസെക്രട്ടറി ബിനോയ് കുര്യന്‍, വി ജി പത്മനാഭന്‍, അഡ്വ. കെ ഇ രാജന്‍, ബാബുരാജ് പായം, ജയ്‌സണ്‍ ജിരങ്കശ്ശേരി, വി ഷാജി നേതൃത്വം നല്‍കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മൂടികയത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it